ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയടക്കം മൂന്നുപേരെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും പിഞ്ചുകുഞ്ഞടക്കം 14 പേരെ നിഷ്ഠുരമായി കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി എങ്ങനെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമെന്ന് സുപ്രീംകോടതി. ഗുജറാത്ത് ബാർ കൗൺസിലിൽ ഇത്തരമൊരു കുറ്റവാളി എങ്ങനെ അഭിഭാഷകനായി എൻറോൾ ചെയ്തുവെന്നുചോദിച്ച ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് നിയമവൃത്തി മാന്യമായ തൊഴിലാണെന്നാണ് കരുതിയതെന്നും കൂട്ടിച്ചേർത്തു.
ബിൽക്കീസ് ബാനു കേസിലെ ശിക്ഷ പൂർത്തിയാക്കുംമുമ്പ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ച കുറ്റവാളികൾ ഇപ്പോൾ എന്തെടുക്കുകയാണെന്ന് വിശദീകരിച്ച കൂട്ടത്തിലാണ് രാധേശ്യാം ഷാ എന്ന കുറ്റവാളി കീഴ് കോടതികളിൽ അഭിഭാഷകനായി പ്രക്ടീസ് ചെയ്യുകയാണെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ ഋഷി മൽഹോത്ര അറിയിച്ചത്.
ഇതുകേട്ട് ജസ്റ്റിസ് ബി.വി. നാഗരത്ന, അയാളിപ്പോഴും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നോ എന്ന് അമ്പരപ്പോടെ ചോദിച്ചു. അതേ, അയാൾ കുറ്റവാളിയാകുംമുമ്പേ അഭിഭാഷകനായിരുന്നുവെന്നും ജയിൽ മോചിതനായശേഷം വീണ്ടും അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയെന്നും അഡ്വ. മൽഹോത്ര മറുപടി നൽകി. കുറ്റവാളിയായി കോടതി കണ്ടെത്തിയ ശേഷവും നിയമവൃത്തി ചെയ്യാൻ ലൈസൻസോ എന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാനും അത്ഭുതം കൂറി. പാർലമെന്റ് വരെ മാന്യമാണെന്നാണ് കരുതുന്നതെന്നും എന്നാൽ, പാർലമെന്റേറിയന്മാർ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും കുറ്റവാളിയുടെ അഭിഭാഷകൻ തർക്കുത്തരം പറഞ്ഞപ്പോൾ അതല്ല ഇവിടെ വിഷയമെന്ന് ജസ്റ്റിസ് ഭുയാൻ തിരിച്ചടിച്ചു. ഒരു കുറ്റവാളിക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകുമോ എന്ന് ബാർ കൗൺസിലാണ് പറയേണ്ടത്. രാധേശ്യാം ഷാ ഒരു കുറ്റവാളിയാണെന്നും അതിൽ ഒരു സംശയവുമില്ലെന്നും ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു. ഷാ മുഴുവൻ ശിക്ഷയും അനുഭവിച്ചുവെന്ന് അഭിഭാഷകൻ തർക്കിച്ചപ്പോൾ അനുഭവിച്ചുതീർന്നിട്ടില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് നാഗരത്ന ഇടപെട്ടു.
അയാൾ ഒരു കുറ്റവാളിയാണെന്ന കോടതിവിധി നിലനിൽക്കുമെന്നും ചെയ്ത കുറ്റകൃത്യത്തിനുള്ള ശിക്ഷ മാത്രമാണ് ഇളവ് ചെയ്തതെന്നും അതാണ് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ബോധിപ്പിച്ചതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അയാളെ അഭിഭാഷക വൃത്തി ചെയ്യാൻ അനുവദിക്കാമോ എന്ന് ജസ്റ്റിസ് ഭുയാൻ വീണ്ടും മൽഹോത്രയോട് ചോദിച്ചു.
പ്രതികളുടെ മോചന കാര്യത്തിൽ വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം നിർബന്ധമല്ല എന്ന പ്രതികളുടെ അഭിഭാഷകരുടെ വാദവും സുപ്രീംകോടതി തള്ളി. എങ്കിൽ എന്തുകൊണ്ടാണ് ഗോധ്ര ജഡ്ജിന്റെ അഭിപ്രായം പ്രസക്തമാണ് എന്ന് എ.എസ്.ജി കോടതിയിൽ പറയുകയെന്ന് ബെഞ്ച് ചോദിച്ചു. ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകിയ ഉത്തരവ് ചോദ്യം ചെയ്യാനാവില്ലെന്ന് പറയാൻ പ്രതികൾക്കോ ഗുജറാത്ത് സർക്കാറിനോ കഴിയില്ലെന്നും വ്യാഴാഴ്ച സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി. ശിക്ഷ ഇളവ് ചെയ്ത ഉത്തരവിനെയാണ് ബിൽക്കീസ് ബാനുവും മറ്റു ഹരജിക്കാരും ചോദ്യം ചെയ്തതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.