കരിംനഗർ (തെലങ്കാന): വ്യവസായ ഭീമന്മാരായ അംബാനിക്കും അദാനിക്കുമെതിരെ പരസ്യ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിയും അദാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകിയെന്ന് വെളിപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരുവരും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയോ എന്നും മോദി ചോദിച്ചു. ഇന്ന് തെലങ്കാനയിലെ കരിംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അദ്ദേഹത്തിന്റെ ചോദ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ അംബാനിക്കും അദാനിക്കുമെതിരായ വിമർശനം രാഹുൽ നിർത്തിയത് പണം ലഭിച്ചത് കൊണ്ടാണന്നും തെരഞ്ഞെടുപ്പ് സീസണിൽ അവരുമായി ഉണ്ടാക്കിയ ‘ഡീൽ’ വെളിപ്പെടുത്തണമെന്നും മോദി വെല്ലുവിളിച്ചു.
‘‘കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെ ഷെഹ്‌സാദ (രാഹുൽ ഗാന്ധി) അഞ്ച് ബിസിനസുകാർ, അഞ്ച് വ്യവസായികൾ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. റഫാൽ വിഷയം ഉയർന്നപ്പോൾ മുതൽ അദ്ദേഹം അംബാനി-അദാനി, അംബാനി-അദാനി എന്ന് പറയാൻ തുടങ്ങി. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് അദ്ദേഹം നിർത്തി. തെലങ്കാനയുടെ മണ്ണിൽ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.
BIGGEST EXIT POLL 🔥🔥
— Anuradha Patel (@Anuradha_Patel9) May 8, 2024
" Congress has got funding from top industrialists. Ambani and Adani have sent money in tempo to Congress, thus Rahul Gandhi has stopped attacking them"
-Narendra Modi #StockMarketindia #LokSabhaElection2024 pic.twitter.com/iAEe0JCnf3
മോദിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തുവന്നു. വ്യവസായികളുമായി ബി.ജെ.പിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും വൻകിട കോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ പ്രധാനമന്ത്രി മോദി എഴുതിത്തള്ളിയത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക ആരോപിച്ചു. ബിജെപി സംവിധാനം മുഴുവൻ രാഹുൽ ഗാന്ധിയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.