ദിസ്പുർ: സംസ്ഥാനത്ത് കോവിഡ് അപ്രത്യക്ഷമായതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മാസ്ക് ധരിച്ച് ആളുകൾ ഭീതി പരത്തുകയാണ്. അസമിൽ അതിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഒരുലക്ഷത്തോട് അടുക്കുകയും മരണസംഖ്യ കുത്തനെ ഉയരുകയും ചെയ്യുേമ്പാഴാണ് മന്ത്രിയുടെ പ്രസ്താവന.
'കേന്ദ്രം നിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകും. എന്നാൽ അസമിലെ കാര്യം നോക്കുേമ്പാൾ ഇപ്പോൾ ഇവിടെ കോവിഡ് ഇല്ല. മഹാമാരി തിരിച്ചുവരികയാണെങ്കിൽ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും'- ഹിമന്ത പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സർക്കാർ ശ്രമം. ജനങ്ങൾ മാസ്ക് ധരിച്ച് നടന്നാൽ ബ്യൂട്ടി പാർലറുകൾ എങ്ങനെ പ്രവർത്തിക്കും. ബ്യൂട്ടി പാർലറുകളിലും പ്രവർത്തനങ്ങൾ തുടരണം. അതൊരു ഇടക്കാല ആശ്വാസമായി കണക്കാക്കാം. കോവിഡ് 19 ഭീഷണി വീണ്ടും തിരിച്ചുവരികയാണെങ്കിൽ ജനങ്ങളോട് വീണ്ടും മാസ്ക് ധരിക്കാൻ ആവശ്യപ്പെടും. ലംഘിച്ചാൽ 500 രൂപ പിഴയും ഈടാക്കും -ഹിമന്ത പറഞ്ഞു.
ബിഹുവിന് സംസ്ഥാനത്ത് യാതൊരുവിധ നിയന്ത്രണങ്ങളുമുണ്ടാകില്ല. ഗംഭീരമായി ആഘോഷിക്കാം. ബിഹുവിന് പോലും കോവിഡ് ഭീഷണിയുണ്ടാകില്ലെന്ന ഉറപ്പുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
കോവിഡ് 19ന്‍റെ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിൽ വിദഗ്ധരുടെ അഭിപ്രായം തേടേണ്ട ആവശ്യമില്ല. പ്രതിദിനം 100 കോവിഡ് കേസുകളെങ്കിലും റിപ്പോർട്ട് െചയ്യുകയാണെങ്കിൽ ജനങ്ങളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടും. അസം സാമ്പത്തിക വളർച്ച 18-19 ശതമാനം രേഖപ്പെടുത്തുന്നുന്നുണ്ട്. ജനങ്ങൾ ഒരു വർഷത്തോളം കഷ്ടത അനുഭവിച്ചതിനാൽ ആശ്വാസം നൽകണം. കോവിഡ് 19, ലോക്ഡൗൺ എന്നിവ ഉയർത്തിക്കാട്ടി ജനങ്ങളെ ഭയപ്പെടുത്തരുത്. കേന്ദ്രം നിർദേശങ്ങൾ നൽകും. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണെങ്കിൽ അവ കർശനമായി അനുസരിക്കും -ഹിമന്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.