ശ്രീനഗർ: താൻ വീട്ടുതടങ്കലിലാണെന്ന് ഹുർറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ അധികൃതർ തന്നെ അനുവദിച്ചില്ല. കഴിഞ്ഞ സെപ്റ്റംബറിൽ കോടതി ഇടപെടലിനെ തുടർന്ന് തന്റെ വീട്ടുതടങ്കൽ അവസാനിപ്പിച്ച ശേഷം ഇത് പതിവാണ്. ഏതാനും ആഴ്ചകൾ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചെങ്കിലും പിന്നീട് പലപ്പോഴും ഗേറ്റിനുമുന്നിൽ തടഞ്ഞു. ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്താതെയാണ് തന്നെ വീട്ടുതടങ്കലിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വേച്ഛാധിപത്യവും നിഷേധാത്മക ചിന്തകളും അവസാനിപ്പിച്ച് ജമ്മു-കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളോടും വികാരങ്ങളോടും രാഷ്ട്രീയമായി ഇടപെടാൻ തയാറാകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. ‘‘ആയിരക്കണക്കിന് യുവാക്കൾ, രാഷ്ട്രീയ നേതാക്കൾ, പ്രവർത്തകർ, പത്രപ്രവർത്തകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, അഭിഭാഷകർ തുടങ്ങിയവർ ജമ്മു-കശ്മീരിലെയും രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിലും കഴിയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന് പതിറ്റാണ്ടുകളായി ഞങ്ങൾ ആവശ്യപ്പെടുകയാണ്. അതിനുപകരം ദിവസേന കൂടുതൽ ആളുകൾ പീഡിപ്പിക്കപ്പെടുകയും തടവിലാവുകയുമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുവാക്കളോട് ജാമ്യ ബോണ്ടുകൾക്കായി ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ വരാൻ ആവശ്യപ്പെടുന്നതായി അറിയുന്നു. ഇത് ഉപദ്രവമാണ്’’-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.