മതവികാരം വ്രണപ്പെടുത്തിയെന്ന്: അസമിൽ വിലവർധനക്കെതിരെ പ്രതിഷേധിച്ചതിന് 'ശിവൻ' അറസ്റ്റിൽ

ഗുവാഹത്തി: വിലവർധനക്കെതിരായ തെരുവുനാടകത്തിൽ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അസമിൽ നാടക നടനെ അറസ്റ്റ് ചെയ്തു. ബ്രിഞ്ചി ബോറ എന്ന നടനാണ് അറസ്റ്റിലായത്. ഇന്നലെ ശിവന്റെ വേഷം ധരിച്ച് ബ്രിഞ്ചി ബോറയും പാർവതിയായി പരിഷിമിത എന്ന അഭിനേത്രിയും വിലവർധനക്കെതിരെ തെരുവ് നാടകം നടത്തി പ്രതിഷേധിച്ചിരുന്നു.

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദൾ പോലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകൾ നാടകം ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്നും മതത്തെ രാഷ്ട്രീയ വിഷയങ്ങൾക്കായി ദുരുപയോഗപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പരാതിയും നൽകി. പരാതിയെ തുടർന്ന് ബ്രിഞ്ചി ബോറയെ നഗാവ് സദർ പൊലീസ് അറസ്റ്റ് ചെയ്തു.

ശിവനും പാർവതിയും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വഴിയിൽ ഇന്ധനം തീർന്ന് നിന്നുപോവുകയും അതെ തുടർന്ന് ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുന്നതാണ് നാടകം. അതിനിടെ ശിവൻ ഇന്ധന വില വർധനവിൽ ന​രേന്ദ്രമോദി സർക്കാറിനെ വിമർശിക്കുകയാണ്. മറ്റു വിഷയങ്ങളും ചർച്ചയാകുന്നു. ഒടുവിൽ അദ്ദേഹം വിലവർധനവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജനങ്ങളോട് മോദി സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.

നടനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.  

Tags:    
News Summary - Hurt religious sentiments: 'Shivan' arrested for protesting against price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.