കോയമ്പത്തൂർ: ജഗ്ഗി വാസുദേവിന്റെ ഇഷ യോഗ കേന്ദ്രത്തിൽ യോഗ പരിശീലനത്തിന് പോയ ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി. തിരുപ്പൂർ അവിനാശി സ്വദേശിയായ മണികുമാർ ആണ് ഭാര്യ ശുഭശ്രീ(34)യെ കാണാതായതായി പൊലീസിൽ പരാതി നൽകിയത്.
തിരുപ്പൂരിൽ ബനിയൻ കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറാണ് മണികുമാർ. മറ്റൊരു കമ്പനിയിൽ കമ്പ്യൂട്ടർ ഓപറേറ്ററാണ് ശുഭശ്രീ. ഇവർക്ക് 13 വയസുള്ള മകളുണ്ട്. ഡിസംബർ 11ന് ഒരാഴ്ചത്തെ പരിശീലനത്തിനാണ് ശുഭശ്രീ കോയമ്പത്തൂർ പൂണ്ടിക്കടുത്ത ഇഷ യോഗ കേന്ദ്രത്തിൽ പോയത്. മണികുമാറാണ് രാവിലെ ആറുമണിക്ക് യോഗ സെന്ററിൽ കൊണ്ടുവിട്ടതെന്ന് ആലാന്തുറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യോഗ കഴിഞ്ഞ് ഡിസംബർ 18ന് മടങ്ങേണ്ടതായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ 11 മണിയോടെ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ സെന്ററിലെത്തിയ മണികുമാർ മൂന്നുമണിവരെ അവിടെ കാത്തുനിന്നെങ്കിലും ശുഭശ്രീ പുറത്തേക്ക് വന്നില്ല. തുടർന്ന് ഈശ യോഗാ സെന്ററിൽ പോയി അന്വേഷിച്ചപ്പോഴാണ്, ക്ലാസ്സ് കഴിഞ്ഞു എല്ലാവരും പോയതായി അറിയുന്നത്. റിസപ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ശുഭശ്രീ രാവിലെ 9.30 ന് 'സർപ്പവാസൽ' (ഈശാ യോഗാ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം) വഴി സ്ഥാപനം വിട്ടതായി കണ്ടെത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പേരൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡി.എസ്.പി) പറഞ്ഞു. 2011ലും ശുഭശ്രീ യോഗ ക്ലാസിൽ പങ്കെടുത്തിരുന്നു.
അതിനിടെ, തനിക്ക് അജ്ഞാത നമ്പറിൽ നിന്ന് മിസ്ഡ് കോൾ വന്നതായി മണികുമാർ നൽകിയ പരാതിയിൽ പറയുന്നു. തിരികെ വിളിച്ചപ്പോൾ, ശുഭശ്രീ എന്ന സ്ത്രീ തന്റെ ഭർത്താവിനെ വിളിക്കാൻ ഫോൺ തരുമോ എന്ന് ചോദിച്ച് തെന്റ ഫോൺ വാങ്ങിയതാണെന്നും വിളിച്ച ശേഷം അവർ ഫോൺ തിരിച്ചുതന്ന് പോയതായും ഫോൺ ഉടമ പറഞ്ഞു. തുടർന്ന് ടാക്സിയിൽ സെമ്മേട്ടിലേക്ക് പോയതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.