ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബാലത്സംഗം ചെയ്തുകൊന്ന പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. സുപ്രീംകോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് വി.എസ് സിർപുർകറിെൻറ നേതൃത്വത്തിലുള്ള സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സി.ബി.ഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിർദേശിച്ചു. ഏറ്റുമുട്ടൽ കേസ് തെലങ്കാന ഹൈകോടതിയിലും മനുഷ്യാവകാശ കമീഷനിലും നിലനിൽക്കുന്നുണ്ടെന്ന് തെലങ്കാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹി ആസ്ഥാനമായാണ് മൂന്നംഗ സമിതി അന്വേഷണം നടത്തുക. ഏറ്റുമുട്ടൽ കൊലയിൽ സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ ആവശ്യപ്പെട്ടു. തെലങ്കാന സർക്കാർ സ്വതന്ത്ര അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ അറസ്റ്റിലായ നാലുപ്രതികളെ ഡിംസബർ ആറിന് പുലർച്ചെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. തെളിവെടുപ്പിനിടെ പ്രതികൾ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാനൊരുങ്ങിയപ്പോൾ സ്വയരക്ഷാർഥം വെടിവെച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.