ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗക്കൊല കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്വേഷണവും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. തെലങ്കാന ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജി എന്താണെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തെലങ്കാന ചീഫ് സെക്രട്ടറി, ഡി.ജി.പി, സൈബറാബാദ് പൊലീസ് കമീഷണർ സജ്ജനാർ എന്നിവരെ എതിർകക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകൻ മേനാഹർ ലാൽ ശർമ, ജി.എസ് മണി, പ്രദീപ്കുമാർ യാദവ് എന്നിവരാണ് ഹരജികൾ നൽകിയത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹരജികളിൽ ബോധിപ്പിക്കുന്നു. പൊലീസ് വെടിവെപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന പ്രത്യേക അന്വേഷണസമിതിയെ നിയോഗിക്കണമെന്നാണ് അഡ്വ. മനോഹർ ലാൽ ശർമയുടെ ആവശ്യം. െകാലക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലെ സജ്ജനാറുടെ ശരീര ഭാഷ അദ്ദേഹത്തിന് ഒട്ടും കുറ്റബോധമില്ലെന്ന് തെളിയിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ ഒമ്പതിന് രാത്രി എട്ടുമണി വരെ പ്രതികളുടെ മൃതദേഹം സൂക്ഷിക്കണമെന്ന് തെലങ്കാന ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഭരണകൂട കൊലപാതകമെന്ന ആക്ഷേപം ശക്തമായതോടെയാണ് കോടതിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.