ജമ്മു: താനൊരു കശ്മീരി പണ്ഡിറ്റാണെന്നും മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ജമ്മുവിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് എന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയതുപോലെയാണ് തോന്നുന്നത്. എന്‍റെ കുടുംബത്തിന് ജമ്മു കശ്മീരുമായി ഒരു നീണ്ട ബന്ധമുണ്ട്. ഞാൻ ഒരു കശ്മീരി പണ്ഡിറ്റാണ്. എന്‍റെ കുടുംബവും കശ്മീരി പണ്ഡിറ്റാണ്. ഇന്ന് രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ ഒരു പ്രതിനിധി സംഘം എന്നെ സന്ദർശിച്ചിരുന്നു. കോൺഗ്രസ് അവർക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയതായും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു' -രാഹുൽ ഗാന്ധി പറഞ്ഞു.
കശ്മീരി പണ്ഡിറ്റുമാർക്ക് വേണ്ടതെല്ലാം ചെയ്തു നൽകുമെന്ന് താൻ വാഗ്ദാനം ചെയ്യുന്നുവെന്നും ജമ്മു കശ്മീർ സന്ദർശനത്തിനുശേഷം ലഡാക്കിലേക്ക് തിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരിന് എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്, ഇപ്പോൾ എന്‍റെ ഹൃദയം വേദനിക്കുന്നു. ജമ്മു കശ്മീരിന് ഒരു സാഹോദര്യമുണ്ട്. പക്ഷേ ആർ.എസ്.എസ് -ബി.ജെ.പി സംഘം ആ സാഹോദര്യം നശിപ്പിക്കാൻ ശ്രമിക്കുന്നു -രാഹുൽ കൂട്ടിച്ചേർത്തു.
'കൈ എന്നാൽ ഭയപ്പെടേണ്ട എന്നാണ് അർഥം. ശിവന്‍റെയും വാഹെ ഗുരുവിന്‍റെയും കൈകളുടെ ചിത്രങ്ങൾ നിങ്ങൾക്ക് കാണാം' -കൈ ഉയർത്തിക്കാണിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മുകശ്മീരിനെ ബി.ജെ.പി ദുർബലപ്പെടുത്തിയെന്ന വാദവും രാഹുൽ ഉയർത്തി. 'നിങ്ങളുടെ സംസ്ഥാന പദവി അവർ തട്ടിയെടുത്തു. ജമ്മു കശ്മീരിന് അവരുടെ സംസ്ഥാന പദവി തിരികെ ലഭിക്കണം' -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.