ന്യൂഡൽഹി: ഞാൻ പരാജയമാണ് എന്നെഴുതി ആത്മഹത്യ ചെയ്ത ഒൻപതാംക്ളാസുകാരി അനുഭവിച്ച മാനസിക പീഡനം എന്തായിരിക്കും? പെൺകുട്ടി ആത്മഹത്യ ചെയ്തതിനുശേഷം പൊലീസ് പരിശോധിച്ചപ്പോഴാണ് 'ഞാൻ ഊമയാണ്, ഞാൻ എന്നെത്തന്നെ വെറുക്കുന്നു' എന്നെല്ലാം എഴുതിയ നോട്ടുബുക്ക് കണ്ടെത്തിയത്. കുത്തിവരച്ചും ഒപ്പിട്ടും ഉള്ള പേജിലാണ് 15വയസ്സുകാരി എഴുതിയിരിക്കുന്നത്.
സയൻസും സോഷ്യൽ സയൻസും പഠിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെക്കുറിച്ചാണ് മകൾ പരാതി പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. താൻ നന്നായി പരീക്ഷയെഴുതിയാലും ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കാറുണ്ടായ ഈ രണ്ടുപേരും പരീക്ഷയിൽ തോൽപ്പിക്കുമെന്നും അവൾ ഭയപ്പെട്ടിരുന്നു.
അവർ ദുരുദ്ദേശ്യത്തോടെ സമീപിച്ചതായി അവൾ പറഞ്ഞിരുന്നു. എന്നാൽ താനും ഒരു അധ്യാപകനായതിനാൽ അവർക്ക് അത് ചെയ്യാൻ കഴിയില്ല എന്നാണ് കരുതിയത്- പിതാവ് പൊലീസിനോട് പറഞ്ഞു.
ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങൾക്ക് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.
ഇന്നലെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആറുമണിയേടെ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയുടെ മുറിയുടെ വാതിൽ പൂട്ടിയതായി കണ്ടു. ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടത് പെൺകുട്ടി തൂങ്ങിനിൽക്കുന്നതാണ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.