ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്കെതിരെ പരാജയപ്പെട്ടതിൽ താൻ അസ്വസ്ഥനല്ലെന്ന് ശശി തരൂർ എം.പി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ കാര്യങ്ങൾ വ്യക്തമായിരുന്നുവെന്നും തരൂർ പറഞ്ഞു.
മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ് തുടങ്ങിയവരും ചില എം.പിമാരും ഒഴിച്ചുള്ളവർ ഖാർഗെക്ക് പിന്നിൽ അണിനിരക്കുമെന്ന് അറിയാമായിരുന്നു. പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ഒരാളെ പിന്തുണക്കുന്നതിൽ അതിശയിക്കാനില്ല. അനിവാര്യമായത് സംഭവിച്ചെന്നും അതേകുറിച്ച് തനിക്ക് പരാതിയില്ലെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് ഇനി മല്ലികാർജുൻ ഖാർഗെക്ക് പിന്നിൽ അണിനിരക്കും. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സോണിയ ഗാന്ധിയുമായി സംസാരിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. മൊഹ്സിന കിദ്വായിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു തരൂരിന്‍റെ പ്രതികരണം.
കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിലാണ് മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ആകെയുള്ള 9,385 വോട്ടുകളിൽ ഖാർഗെ 7897 വോട്ടും എതിർ സ്ഥാനാർഥി ശശി തരൂർ 1072 വോട്ടും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.