ന്യൂഡൽഹി: വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിലെ സൈറൺ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സൈറൺ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂണെയിൽ ചാന്ദ്നി ചൗക് ഫ്ലൈ ഓവറിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമർശം.
ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വി.ഐ.പി വാഹനങ്ങളിലെ ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനി സൈറൺ ഒഴിവാക്കാനാണ് തന്റെ പദ്ധതിയെന്ന് ഗഡ്കരി പറഞ്ഞു.
സൗണ്ട് ഹോണുകൾക്കും സൈറണുകൾക്ക് പകരം ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള നീക്കവുംനടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാസുരി, തബല, ശങ്ക് എന്നിവയുടെ ശബ്ദം ഉപയോഗിക്കാനാണ് നീക്കം. ഇതിലൂടെ ശബ്ദമലിനീകരണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും പങ്കെടുത്തിരുന്നു. നാല് ഫ്ലൈ ഓവറുകൾ ഒരു അണ്ടർ പാസിന്റെ വീതി കൂട്ടൽ രണ്ട് അണ്ടർ പാസുകളുടെ നിർമാണം എന്നിവയാണ് പ്രൊജക്ടിന്റെ ഭാഗമായി പൂണെയിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.