'എനിക്ക് രാജ്യരക്ഷ നോക്കണം, നീ കുടുംബത്തെയും' - അഭിമാനത്തോടെ കേണൽ അശുതോഷിനെ ഓർത്ത് ഭാര്യ

ന്യൂഡല്‍ഹി: "ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ഭീകരരെ വധിച്ച് ഞാൻ തിരികെ വരുമെന്ന്. അതെ, അദ്ദേഹം നാളെ വരും. ത്രിവർണ പതാകയിൽ പൊതിഞ്ഞ്... " - വിതുമ്പലോടെയല്ല, അഭിമാനത്തോടെയാണ് പല്ലവി അശുതോഷ് ഇത് പറഞ്ഞത്. 

ജമ്മു - കശ്മീരിലെ ഹന്ദ്വാര ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യയാണ് പല്ലവി. ഭർത്താവിന്റെ നഷ്ടമല്ല, അദ്ദേഹത്തിന്റെ ധൈര്യവും അർപ്പണബോധവുമാണ് താൻ ഓർക്കുകയെന്നും അവർ വ്യക്തമാക്കി.

''എന്റെ നഷ്ടം നികത്താനാകാത്തതും പകരം വെക്കാനുമാകാത്തതാണ്. എങ്കിലും എനിക്ക് അഭിമാനമുണ്ട്. രാജ്യത്തിനും സേനക്കും പൗരൻമാർക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവത്യാഗം. എനിക്ക് രാജ്യരക്ഷ നോക്കണം. നീ കുടുംബത്തെയും നോക്കണം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. തന്റെ 21 രാഷ്ട്രീയ റൈഫിൾസ് യൂനിറ്റിലെ അംഗങ്ങളുടെ സുരക്ഷക്ക് അദ്ദേഹം കുടുംബത്തെക്കാൾ സ്നേഹിച്ചിരുന്നു. 1500 പേരുടെ സുരക്ഷ തന്റെ കരങ്ങളിലാണെന്ന് എപ്പോഴും പറയും. ഹന്ദ്വാരയിൽ അദ്ദേഹം മുൻനിരയിൽ നിന്നതും അതിനാലാണ് " - പല്ലവി പറഞ്ഞു.

സമൂഹത്തില്‍ നല്ലൊരു വ്യക്തിയായി മാറുന്നതും രാജ്യസേവനമാണെന്ന് അവർ വ്യക്തമാക്കി. സൈന്യത്തില്‍ ചേരുന്നതിലൂടെ മാത്രമല്ല ഇത്തരത്തിലും രാജ്യത്തെ സേവിക്കാം. എല്ലാവരും അവരവരുടെ ചുമതലകള്‍ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും നിര്‍വ്വഹിക്കണമെന്നും പല്ലവി ചൂണ്ടിക്കാട്ടി.

വലിയൊരു കാര്യത്തിനാണ് തന്റെ സഹോദരന്‍ ജീവത്യാഗം ചെയ്തതെന്ന്  കേണല്‍ അശുതോഷ് ശര്‍മ്മയുടെ സഹോദരന്‍ പിയൂഷ് ശര്‍മ്മ പറഞ്ഞു. തന്റെ മകനും സൈന്യത്തില്‍ ചേരണമെന്നാണ് ആഗ്രഹം. അശുതോഷില്‍ നിന്നും വലിയ പ്രചോദനമാണ് തന്റെ മകന് ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ അശുതോഷില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ മകന്‍ പഠിച്ചെടുക്കാറുണ്ടെന്നും പിയൂഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനും ജനങ്ങള്‍ക്കുമായി പരമമായ ത്യാഗമാണ് മകന്‍ ചെയ്തതെന്നാണ് ഹന്ദ്‌വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അനൂജ് സൂദിന്റെ പിതാവ് റിട്ട. ബ്രിഗേഡിയര്‍ ചന്ദ്രശേഖര്‍ സൂദ് പറഞ്ഞത്. ഇത് അനൂജിന്റെ കടമയുടെയും പരിശീലനത്തിന്റെയും ഭാഗമാണ്. അതിൽ താൻ അഭിമാനിക്കുന്നു. അവന്റെ ഭാര്യയെ ഓര്‍ത്തുമാത്രമാണ് ഇപ്പോള്‍ വിഷമം. അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് നാല് മാസങ്ങള്‍ മാത്രമേ ആയുള്ളൂ. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു അനൂജിന്റെ ജീവിത ലക്ഷ്യമെന്നും പിതാവ് ചൂണ്ടിക്കാട്ടി.

കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ ചാഞ്ച്മുല്ല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണൽ അശുതോഷ്, മേജർ അനൂജ് സൂദ് എന്നിവർക്ക് പുറമേ നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ് എന്നീ സൈനികരും ജമ്മു - കശ്മീർ പൊലീസിലെ എസ്.ഐ ഷക്കീൽ ഖാസിയുമാണ് വീരമൃത്യു വരിച്ചത്. ലശ്കറെ ത്വയ്ബ കമാൻഡർ ഹൈദർ അടക്കം രണ്ട് ഭീകരരും കൊല്ലപ്പെട്ടു.

Tags:    
News Summary - I am proud of my husband for what he did for the nation, his unit's pride: Pallavi, wife of Col Ashutosh Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.