തമിഴ്നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് ഞാൻ, ഈ ഭീഷണികളെയൊന്നും ഭയക്കില്ല -ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതനധർമ പരാമർശത്തിൽ തനിക്കെതിരെ കൊലവിളി നടത്തുകയും തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യയുടെ ഭീഷണിയിൽ പ്രതികരണവുമായി തമിഴ്നാട് സ്​പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നും ഓർമിപ്പിച്ച അദ്ദേഹം, തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് പരിഹസിക്കുകയും ചെയ്തു.

'എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ വ്യാജനാണോ? എന്റെ തലയോട് എന്താണ് ഇത്ര താൽപര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഈ ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചെറുമകനുമായ ഉദയനിധി പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തിൽ കരുണാനിധിയുടെ ഉദയം അടയാളപ്പെടുത്തിയ 1953ലെ പ്രക്ഷോഭത്തെയാണ് ഉദയനിധി പരാമർശിച്ചത്. ഡാൽമിയ വ്യവസായ ഗ്രൂപ്പ് സിമന്റ് ഫാക്ടറി പണിയുന്ന ഗ്രാമത്തിന്റെ പേര് മാറ്റുന്നതിൽ പ്രതിഷേധിച്ച് കരുണാനിധിയുടെ നേതൃത്വത്തിൽ ഡി.എം.കെ പ്രവർത്തകർ റെയി​ൽവേ ട്രാക്കിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പരംഹൻസ് ആചാര്യയുടെ 10 കോടി വാഗ്ദാനം. മറ്റാർക്കും ഉദയനിധിയുടെ തലയെടുക്കാൻ സാധിക്കാതെ വന്നാൽ താൻ തന്നെ തലയറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്‍റെയും ചിത്രം കത്തിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പരംഹൻസ് നേരത്തെ ഷാറൂഖ് ഖാനെതിരെയും വധഭീഷണി മുഴക്കിയിരുന്നു. രാമചരിതമാനസിനെതിരെ നടത്തിയ പരാമർശത്തിൽ ബിഹാർ മന്ത്രിയുടെ നാവ് പിഴുതെടുക്കണമെന്നും ഇത് ചെയ്യുന്നവർക്ക് 10 കോടി നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

Tags:    
News Summary - 'I am the grandson of the one who put his head on the railway track for Tamilnadu and will not fear any of these threats' -Udayanidhi Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.