ജയ്പുർ: ധോൽപുർ ബാരി എം.എൽ.എയെ വിഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിവിധ കേസുകളിലെ പ്രതിയായ ജഗൻ ഗുർജാറിനെതിരെ അന്വേഷണം ഊർജിതമാക്കി രാജസ്ഥാൻ പൊലീസ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, മോഷണം, കവർച്ച ഉൾപ്പെടെ 120 കേസിലെ പ്രതിയാണ് ഇയാൾ.
പ്രതിയെ പിടികൂടാൻ ധോൽപുരിലെ ദംഗ് മേഖലയിൽ പ്രത്യേക ഓപ്പറേഷൻ രൂപീകരിച്ചതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. വെടുയുതിർക്കുമെന്ന പ്രതിയുടെ ഭീഷണിക്കു മുമ്പിൽ മുട്ടുകുത്താൻ തന്‍റെ കൈവശമുള്ളത് വാട്ടർ ഗൺ അല്ലെന്ന് ഗിരിരാജ് മലിംഗ എം.എൽ.എ പറഞ്ഞു.
ജനുവരിയിൽ ഗുർജാറും ധോൽപുരിലെ ചില കടയുടമകളും തമ്മിൽ തർക്കമുണ്ടായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കടയുടമകളെ ഭയപ്പെടുത്താൻ ഗുർജാർ ആകാശത്തേക്ക് വെടിയുതിർത്തതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ ഗിരിരാജ് മലിംഗക്കും പൊലീസിനും വ്യാപാരികൾ പരാതി നൽകി.
പൊലീസ് തന്നെ പിന്തുടരുന്നതിൽ രോഷം കൊണ്ട ഗുർജാർ, എം.എൽ.എയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവിടുകയായിരുന്നു. ഗുർജാർ കോൺഗ്രസ് നേതാവിനെ അധിക്ഷേപിക്കുന്നതിന്‍റെയും ഒരാളെ കൊല്ലാൻ മലിംഗ തന്നോട് ആവശ്യപ്പെട്ടതായി അവകാശപ്പെടുകയും ചെയ്യുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം എം.എൽ.എ ആരോപണങ്ങൾ നിഷേധിച്ചു. മൂന്നാമത്തെ വിഡിയോയിൽ അംഗരക്ഷകരില്ലാതെ തന്നെ നേരിടാൻ കലിംഗയെ ഗുർജർ വെല്ലുവിളിക്കുന്നുണ്ട്. താൻ പൊലീസ് സംരക്ഷണമെടുത്തിട്ടില്ലെന്നും ഗുർജറിനായി കാത്തിരിക്കുകയാണെന്നും ഗിരിരാജ് മറുപടി വിഡിയോയിൽ പറഞ്ഞു.
ഗുർജാറിനെ പിടികൂടുന്നവർക്ക് രാജസ്ഥാൻ പൊലീസ് 50,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.