എന്റെ ഭാര്യക്ക് സുഖമില്ല, അവളെ നോക്കിക്കൊള്ളണം -സി.ബി.ഐ ആസ്ഥാനത്തേക്ക് പുറപ്പെടുന്നതിനു മുമ്പ് സിസോദിയ അണികളോട്

ന്യൂഡൽഹി: മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകുന്നതിനു മുമ്പ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശങ്കപ്പെട്ടത് ഭാര്യ സീമയെ കുറിച്ച് ഓർത്ത്. ഭാര്യ അസുഖബാധിതയാണെന്നും അവരെ നന്നായി നോക്കിക്കൊള്ളണമെന്നും അണികളോട് പറഞ്ഞാണ് സിസോദിയ സി.ബി.ഐ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. ''എന്നെ അവർ ജയിലിൽ അടച്ചാൽ ഭാര്യ തനിച്ചാകും. മകൻ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. അവൾക്ക് സുഖമില്ല. നന്നായി നോക്കണം''-എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്.

താൻ എല്ലായ്പ്പോഴും സത്യസന്ധതമായാണ് ജോലി ചെയ്തതെന്നും ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം കെട്ടിച്ചമച്ചതാണ്. ജയിലിൽ പോകുന്നതിന് ഒട്ടും ഭയമില്ല. ഭഗത്സിങ്ങിന്റെ അനുയായി ആണ് താനെന്നും സിസോദിയ ചൂണ്ടിക്കാട്ടി. നിങ്ങളെല്ലാം എനിക്ക് കുടുംബം പോലെയാണ്. ഏറ്റവും സത്യസന്ധമായാണ് എപ്പോഴും പ്രവർത്തിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.

സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - I have always worked with honesty says Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.