ന്യൂഡൽഹി: ലൈംഗികപീഡനക്കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിെൻറ പകർപ്പിനായി പരാതിക്കാരി സുപ്രീംകോടതി ആഭ്യന്തര സമിതിയെ സമീപിച്ചു.
തനിക്ക് റിപ്പോർട്ടിെൻറ പകർപ്പ് നൽകാതിരിക്കുന്നത് നീതിയോടുള്ള പരിഹാസമാണെന്ന് പരാതിക്കാരിയായ 35 വയസ്സുള്ള മുൻ സുപ്രീംകോടതി ജീവനക്കാരി ബോധിപ്പിച്ചു. യുവതിക്ക് നീതി ലഭ്യമാക്കാതെ ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയതിനെതിരെ സുപ്രീംകോടതിക്കു മുന്നിൽ പ്രതിഷേധിച്ച വനിത അഭിഭാഷകരെയും ആക്ടിവിസ്റ്റുകളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ റിപ്പോർട്ട് ഭയപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമാണെന്ന് പ്രതികരിച്ചതിനുശേഷമാണ് പകർപ്പിനായി പരാതിക്കാരി സമിതിയെ സമീപിച്ചത്. അന്വേഷണ റിപ്പോർട്ടിെൻറ പകർപ്പിന് തനിക്ക് അവകാശമുണ്ടെന്നും അതുകൊണ്ടാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന സമിതിയെ ഇൗ ആവശ്യവുമായി സമീപിച്ചതെന്നും പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞു. പരാതി അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളുേമ്പാൾ പരാതിക്കാരിക്ക് ആ റിപ്പോർട്ടിെൻറ പകർപ്പ് നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾക്കെതിരാണ്. സമിതിയുടെ റിപ്പോർട്ട് എെന്ന അങ്ങേയറ്റം ഭയപ്പെടുത്തുന്നുണ്ട് -പരാതിക്കാരി പറഞ്ഞു.
അതിനിടെ, സുപ്രീംകോടതി ആഭ്യന്തര സമിതിയുെട റിപ്പോർട്ടിനെതിരെ സുപ്രീംകോടതിക്കു മുന്നിൽ വനിത അഭിഭാഷകരും മഹിള സംഘടനകളും ചൊവ്വാഴ്ച രാവിലെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധ പ്രകടനം തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് തടിച്ചുകൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ആനി രാജ, രാഖി സെഹ്ഗൾ തുടങ്ങിയ വനിത നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആഭ്യന്തര സമിതി റിപ്പോർട്ട് രഹസ്യമാക്കിവെക്കുന്നതിന് 2003ൽ തെൻറ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ബാധകമാക്കിയത് ചോദ്യംചെയ്ത് അഡ്വ. ഇന്ദിര ജയ്സിങ് രംഗത്തുവന്നു. കൊൽക്കത്ത ഹൈകോടതിയിലെ ജഡ്ജിയുമായി ബന്ധപ്പെട്ട കേസിലെ വിധി എങ്ങനെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ കാര്യത്തിൽ ബാധകമാകുകയെന്ന് അഡ്വ. ഇന്ദിര ജയ്സിങ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.