കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ചേർന്നതെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ വെളിപ്പെടുത്തൽ. അണ്ണാ ഡി.എം.കെയിൽ ലയിച്ചതും മോദിയുടെ നിർബന്ധപ്രകാരമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. തേനിയിൽ അണ്ണാ ഡി.എം.കെ ജില്ല പ്രവർത്തകയോഗത്തിലാണ് പന്നീർസെൽവം പാർട്ടിയുടെ സംഘടനപ്രശ്നങ്ങളിൽ ബി.ജെ.പിയുടെയും മോദിയുടെയും ഇടപെടൽ സ്ഥിരീകരിച്ചത്.
ജയലളിതയുടെ മരണശേഷം ശശികലയുമായുണ്ടായ ഭിന്നതയെ തുടർന്നാണ് അണ്ണാ ഡി.എം.കെയിൽ പിളർപ്പുണ്ടാക്കി പന്നീർസെൽവത്തിെൻറ നേതൃത്വത്തിൽ പ്രത്യേക വിഭാഗമായത്. പാർട്ടിയിൽനിന്ന് ശശികല കുടുംബത്തെ പൂർണമായും പുറത്താക്കണമെന്നും ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പിന്നീട് ശശികല, ടി.ടി.വി. ദിനകരൻ തുടങ്ങിയവർ സംഘടനയിൽനിന്ന് പുറത്താവുകയും ഒ.പി.എസ് വിഭാഗം എടപ്പാടി വിഭാഗത്തിൽ ലയിക്കുകയുമായിരുന്നു.
ലയനധാരണയനുസരിച്ച് ഒ. പന്നീർസെൽവം ഉപമുഖ്യമന്ത്രിയായി. തമിഴ്നാട്ടിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം നടത്തിയ ശ്രമത്തിെൻറ ഭാഗമാണ് ഇ.പി.എസ്-ഒ.പി.എസ് ലയനമെന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ പ്രതികരിച്ചു.
ജയലളിത തന്നെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയാറുള്ളതെന്നും താങ്കൾ എടപ്പാടിയോടൊപ്പം യോജിച്ചുപ്രവർത്തിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടതായി പന്നീർസെൽവം യോഗത്തിൽ അറിയിച്ചു. സംഘടനപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും മന്ത്രിസഭയിൽ ചേരാൻ ആഗ്രഹമില്ലെന്നും പറഞ്ഞപ്പോൾ മന്ത്രിയാവണമെന്ന് മോദി നിർബന്ധം പിടിച്ചതായാണ് ഒ.പി.എസ് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.