സമ്മർദം താങ്ങാൻ സാധിക്കുന്നില്ല, മനസ്സമാധാനം നഷ്ടപ്പെട്ടിട്ട് നാളുകളായി; ഡൽഹി ഐ.എ.എസ് കോച്ചിങ് സെന്ററിലെ വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ന്യൂഡൽഹി: ഓൾഡ് രാ​ജേന്ദർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനി ജീവനൊടുക്കിയത് സമ്മർദം താങ്ങാനാകാതെയാണ് പൊലീസ്. ജൂലൈ 21നാണ് മഹാരാഷ്ട്ര സ്വദേശിയായ അഞ്ജലി ജീവനൊടുക്കിയത്. റാവൂസ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മൂന്ന്‍ വിദ്യാർഥികൾ മരിച്ചതിന് തൊട്ടുമുമ്പായിരുന്നു ആ സംഭവം. കടുത്ത വിഷാദവും സമ്മർദം അതിജീവിക്കാൻ കഴിയാത്തതും അഞ്ജലിയെ അലട്ടിയിരുന്നു. അതോടൊപ്പം ഉയർന്ന വീട്ടുവാടകയും ആശങ്ക വർധിപ്പിച്ചു. സർക്കാർ പരീക്ഷകളിലെ തട്ടിപ്പുകൾ തടയണമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ഒരു പാട് യുവാക്കൾ ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും അഞ്ജലി ആത്മഹത്യ കുറിപ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിതത്തിലെ പ്രാരാബ്ദങ്ങൾ മൂലം മനസമാധാനം നഷ്ടപ്പെട്ടിട്ട് നാളുകളായെന്നും അഞ്ജലി എഴുതിയിട്ടുണ്ട്. താമസിച്ചിരുന്ന ചെറിയ മുറിക്ക് 15,000 രൂപയാണ് അഞ്ജലി വാടകയായി നൽകിയിരുന്നത്. അടുത്തിടെ തുക 18,000 ആയി വർധിപ്പിച്ചിരുന്നു.

''പപ്പയും മമ്മയും എന്നോട് ക്ഷമിക്കണം. ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിയിരിക്കുന്നു. എല്ലായിടത്തും പ്രശ്നങ്ങൾ തന്നെ. ഒരു മനസ്സമാധാനവുമില്ല. ഡിപ്രഷൻ മറികടക്കാൻ എല്ലാ വഴിയിലൂടെയും ശ്രമിച്ചു നോക്കി. എന്നിട്ടും എനിക്കത് തരണം ചെയ്യാൻ സാധിച്ചില്ല.''-എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പല ​തവണ ഡോക്ടറെ കണ്ടിട്ടും മാനസികാരോഗ്യം മെച്ചപ്പെട്ടില്ലെന്നും അഞ്ജലി പറയുന്നുണ്ട്.

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ വിജയിക്കുക എന്നതായിരുന്നു ആ പെൺകുട്ടിയുടെ വലിയ സ്വപ്നം. എന്നാൽ മനസിൽ ഒന്നിൽ ഉറപ്പിച്ചു നിർത്താൻ സാധിച്ചില്ല. തന്റെ മരണവാർത്തയുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ഓർമയുണ്ടെന്നും പെൺകുട്ടി എഴുതിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ അകോലയാണ് അഞ്ജലിയുടെ ജൻമനാട്. ഓൾഡ് രാജേന്ദ്രനഗറിലെ വാടക മുറിയിൽ താമസിച്ചാണ് യു.പി.എസ്.സി പരീക്ഷക്ക് തയാറെടുത്തത്. പേയിങ് ഗസ്റ്റായി താമസിക്കുന്നവരും വാടക മുറിയിൽ താമസിക്കുന്നവരും നേരിടുന്ന പ്രധാന പ്രശ്നം ഉയർന്ന നിരക്കിലുള്ള വാടകയാണ്. തന്റെ പഠനാവശ്യത്തിനായി മാതാപിതാക്കൾ വലിയ തുക ചെലവഴിക്കുന്നതിലും അഞ്ജലിക്ക് ആശങ്കയുണ്ടായിരുന്നു. അഞ്ജലിയുടെ ആത്മഹത്യയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

Tags:    
News Summary - IAS aspirant dies by suicide in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.