‘മോദിയെ വെറുക്കുന്നില്ല, കാഴ്ചപ്പാടിനോടാണ് വിയോജിപ്പ്’; ‘സ്നേഹം’ എന്ന ആശയവുമായി രാഹുൽ

വാഷിങ്ടൺ ഡി.സി (യു.എസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൺ ഡി.സിയിലെ ജോർജ് ടൗൺ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് എതിരാളികൾക്കെതിരായ തന്‍റെ നിലപാട് രാഹുൽ വ്യക്തമാക്കിയത്.

'കൂട്ടിയോജിപ്പ് ലയിപ്പിക്കുക' എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വേർതിരിച്ച് കാണുക എന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഭാഷകൾ, പാരമ്പര്യങ്ങൾ, ചരിത്രങ്ങൾ, മതം അടക്കമുള്ളവ കൂടിച്ചേർന്നതാണ് ഇന്ത്യയുടെ ഹൃദയം. നിങ്ങൾ ഇവിടെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ആദ്യ കോഴ്‌സ്, രണ്ടാമത്തെ കോഴ്‌സ് എന്നിങ്ങനെയാണ്, ഞങ്ങൾക്ക് അതില്ല. ഞങ്ങൾക്ക് ഒരു താലി ലഭിക്കും, അതിൽ എല്ലാം ഉണ്ടായിരിക്കും, അതൊരു കൂട്ടമാണ്. എല്ലാ ഭക്ഷണത്തിനും ഒരേ മൂല്യമുണ്ട്. കൂട്ടിയോജിപ്പിന്‍റെയും ലയിപ്പിക്കലിന്‍റെയും ആശയമാണ് ഇന്ത്യയിലുള്ളത്' -രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർ ആരാധനാലയങ്ങളിൽ പോകുമ്പോൾ, അവർ അവരുടെ ദൈവവുമായി ലയിച്ചു ചേരുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. ഇന്ത്യ മൊത്തത്തിൽ വേറിട്ട കാര്യങ്ങളുടെ കൂട്ടമാണെന്ന് ബി.ജെ.പി.ക്കും ആർ.എസ്.എസിനുമുള്ള തെറ്റിദ്ധാരണ. അത് നമുക്ക് ആവശ്യമില്ല. ഒന്നും പുനർനിർവചിക്കേണ്ടതില്ലെന്നും എല്ലാം ഇന്ത്യയിലുണ്ടെന്നും രാഹുൽ പറഞ്ഞു.

'മുഹബത് കി ദുകാൻ' എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടി 'സ്നേഹം' എന്ന ആശയത്തെ കുറിച്ചുള്ള ചോദ്യത്തോടും രാഹുൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും എന്നാൽ, അദ്ദേഹത്തെ വെറുക്കുകയോ ശത്രുവായി കണക്കാക്കുകയോ ചെയ്യുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

'രാഷ്ട്രീയത്തിലെ കാര്യങ്ങളാണ് ഏറ്റവും രസകരം. നിങ്ങൾ ഒരു വ്യക്തിയോട് ആക്രോശിക്കുന്നു, ആ വ്യക്തി നിങ്ങളോട് തിരിച്ചും ആക്രോശിക്കുന്നു, എന്നിട്ട് നിങ്ങൾ അയാളെ അധിക്ഷേപിക്കുന്നു, നിങ്ങളെ അയാളും തിരിച്ച് അധിക്ഷേപിക്കുന്നു. ഇത് വിരസമായ കാര്യമാണ്' -രാഹുൽ ചൂണ്ടിക്കാട്ടി.

'നിങ്ങൾക്ക് ആശ്ചര്യമുണ്ടാകാം, മിസ്റ്റർ മോദിയെ ഞാൻ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ ഞാൻ അദ്ദേഹത്തെ വെറുക്കുന്നില്ല. അദ്ദേഹം എന്‍റെ ശത്രുവാണെന്ന് കരുതുന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് വ്യത്യസ്തമായ നിലപാടുണ്ട്'-രാഹുൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും രണ്ട് പ്രധാന വെല്ലുവിളികളാണ് നേരിടുന്നത്. ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുക, രണ്ടാമത്തേത് ബി.ജെ.പിയും ആർ.എസ്.എസും സൃഷ്ടിച്ച 'തകർച്ച' പരിഹരിക്കുക എന്നതാണ് അവ. ബി.ജെ.പിക്കെതിരായ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയിക്കുമെന്ന വിശ്വാസമുണ്ട്. അടുത്ത മാസങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും നമ്മൾ വിജയിക്കും.

ബി.ജെ.പിയും ആർ.എസ്.എസും നമ്മുടെ സ്ഥാപനങ്ങൾക്ക് വരുത്തുവെച്ച നാശനഷ്ടങ്ങൾ ഇല്ലാതാക്കുക എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അത് അത്ര എളുപ്പത്തിലും ലളിതമായും പരിഹരിക്കപ്പെടാൻ പോകുന്നില്ല. ഇരുപതിലധികം കേസുകൾ തനിക്കെതിരെ ഉണ്ട്. അന്വേഷണ ഏജൻസികൾ, നിയമസംവിധാനം അടക്കം നിരവധി മാർഗങ്ങൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നത് അവർ തുടരുകയാണ്. സ്ഥാപനങ്ങളെ നിഷ്പക്ഷമാക്കുക എന്നതാണ് യഥാർഥ വെല്ലുവിളിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.


Full View


Tags:    
News Summary - ‘I don’t hate PM Modi, but disagree with his point of view’: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.