ചണ്ഡിഗഢ്: ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ ഹരിയാന കേഡറിലെ മുതിർന്ന ഐ.പി.എസ് ഓഫീസർ തന്റെ പരാതി കേൾക്കുന്നതിന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നതിൽ എതിർപ്പുമായി രംഗത്ത്. ഐ.പി.എസ് ഓഫിസറായ വൈ. പുരൺ കുമാറാണ് ഹരിയാന സർക്കാരിന് നൽകിയ പരാതിയിൽ സമിതിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മറ്റുള്ളവർക്കുമെതിരെ 2023 ഒക്ടോബർ 23നാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ പരാതി നൽകിയത്.
2023 ഡിസംബറിൽ ഉദ്യോഗസ്ഥനെതിരെ പുരൺ കുമാർ നാല് പരാതികൾ കൂടി നൽകി. കുമാർ ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ ഫെബ്രുവരി എട്ടിന് സംസ്ഥാന സർക്കാർ മൂന്ന് മുൻ ഐ.എ.എസ് ഓഫിസർമാരായ രാജൻ ഗുപ്ത, നവരാജ് സന്ധു, പി.കെ ദാസ് എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകി. എന്നാൽ റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അത്തരം കേസുകൾ അന്വേഷിക്കാൻ കഴിയില്ലന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ സർക്കാറിന് വീണ്ടും പരാതി നൽകുകയായിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ എതിർപ്പുകൾ അവഗണിച്ച്, കമ്മിറ്റി അന്വേഷണം ആരംഭിച്ചു.
തെളിവുകൾ നൽകാനും വിവിധ വിഷയങ്ങളിൽ പ്രസ്താവന നൽകാനും ഐ.പി.എസ് ഉദ്യോഗസ്ഥനെയും വിളിച്ചിട്ടുണ്ട്. 2001ബാച്ച് ഐ.പി.എസ് ഓഫീസറായ കുമാർ നിലവിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി) (ടെലികമ്മ്യൂണിക്കേഷൻ) ആണ്. തന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമാർ ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.