മിൽഖ സിങിന്​ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി

ചണ്ഡീഗഡ്​: സ്വതന്ത്ര ഇന്ത്യയു​ടെ പേര്​ലോക കായികഭൂപടത്തിൽ എഴുതിച്ചേർത്ത ഒരു യുഗത്തിന്​ അന്ത്യം. കായിക ലോകത്തിന്​ ഇന്ത്യ സംഭാവന നൽകിയ അത്​ലറ്റിക്​ ഇതിഹാസം മിൽഖ സിങിന്​ (91) രാജ്യം വിട നൽകി. ചണ്ഡിഗഡിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മിൽഖ സിങിന്‍റെ സംസ്​കാരച്ചടങ്ങുകൾ. കുടുംബാംഗങ്ങളും കായിക മന്ത്രി കിരൺ റിജിജു അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹതരായിരുന്നു. മിൽഖയുടെ മകനും ഗോൾഫ്​ താരവുമായ ജീവ്​ മിൽഖ സിങ്​ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.

പഞ്ചാബ്​ ഗവർണറും ചണ്ഡിഗഡ്​ അഡ്​മിനിസ്​​ട്രേറ്ററുമായ വി.പി. സിങ്​ ബദ്​നൂർ, പഞ്ചാബ്​ ധനമന്ത്രി മൻപ്രീത്​ സിങ്​ ബാദൽ, ഹരിയാന കായിക മന്ത്രി സന്ദീപ്​ സിങ്​, പി.ജി.ഐ.എം.ഇ.ആർ ആശുപത്രി ഡയറക്​ടർ പ്രഫ. ജഗത്​ റാം തുടങ്ങിയവരും സന്നിഹിതരായിരുന്നു. മിൽഖയുടെ നിര്യാണത്തെ തുടർന്ന്​ പഞ്ചാബ്​ സർക്കാർ ഒരു ദിവസത്തെ ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചിരുന്നു.

കോവിഡുമായി ഒരുമാസം നീണ്ട പോരാട്ടത്തിനൊടുവിൽ വെള്ളിയാഴ്ച രാത്രി 11.30നാണ്​ മിൽഖ സിങ്​ മരണത്തിന്​ കീഴടങ്ങിയത്​. ഭാര്യയും ഇന്ത്യൻ വോളിബാൾ ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്‍റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മിൽഖ സിങിന്‍റെ വിടവാങ്ങൽ. കോവിഡ് ബാധിച്ചതിന്‍റെ തുടർച്ചയെന്നോണം ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

മേയ്​ 19നാണ്​ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ ചണ്ഡീഗഡിലെ വീട്ടിൽ ​ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. എന്നാൽ, പിന്നീട്​ കോവിഡ്​ ന്യമോണിയ ബാധിച്ചതിനെ തുടർന്ന്​ മേയ്​ 24ന്​ അ​ദ്ദേഹത്തെ മൊഹാലിയി​ലെ ​ഫോർട്ടിസ്​ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 30ന്​ ഡിസ്​ചാർജ്​ ചെയ്​ത ശേഷം ശരീരത്തിലെ ഓക്​സിജന്‍റെ അളവ്​ കുറഞ്ഞതിനെ തുടർന്ന്​ ജൂൺ മൂന്നിനാണ്​​ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിലേക്ക്​ മാറ്റിയത്​. 16ന്​ നടത്തിയ കോവിഡ്​ പരിശോധനയിൽ അദ്ദേഹം നെഗറ്റീവ്​ ആയെങ്കിലും രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയുമായിരുന്നു.

'പറക്കും സിഖ്​​' എന്ന പേരിലറിയപ്പെടുന്ന മിൽഖ ഇപ്പോൾ പാകിസ്​താനിന്‍റെ ഭാഗമായ ​ഗോബിന്ദ്​പുരയിലാണ്​ ജനിച്ചത്​. കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ ട്രാക്ക്​ ആൻഡ്​ ഫീൽഡ്​ അത്​ലറ്റ്​ എന്ന ബഹുമതി അദ്ദേഹം 1958ൽ കാർഡിഫിൽ സ്വന്തമാക്കി. 1958ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയ അദ്ദേഹം 1962​ലെ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും 4x400 റിലേയിലും സുവർണനേട്ടം ആവർത്തിച്ചു. 1958ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട്. 1964ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ വെള്ളിയും നേടി. 1956 മെൽബൺ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്‍റ്​ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

1959ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. മോന സിങ്​, അലീസ ഗ്രോവർ, സോണിയ സൻവാൽക എന്നിവരാണ്​ മറ്റ്​ മക്കൾ.  

Tags:    
News Summary - Iconic sprinter Milkha Singh cremated with full state honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.