കോവിഡ്​ വ്യാപനമുള്ള 10 സംസ്ഥാനങ്ങൾക്ക്​ രോഗബാധ തടയാനായാൽ രാജ്യം വിജയിക്കും -മോദി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ അതിവ്യാപനമുള്ള 10 സംസ്ഥാനങ്ങൾ രോഗബാധയെ പ്രതിരോധിച്ചാൽ ഇന്ത്യ വിജയിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 സംസ്ഥാനങ്ങളിലും 80 ശതമാനത്തിലധികം കോവിഡ്​ വ്യാപനം ഉണ്ടായിട്ടുണ്ട്​. ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്​, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ്​ പരിശോധന ത്വരിതപ്പെടുത്തേണ്ടതുണ്ട്​. മരണനിരക്കിലുള്ള കുറവും ഉയർന്ന രോഗമുക്തി നിരക്കും കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുളളതാണെന്നാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കണ്ടെയ്​ൻമെൻറ്​ സോണുകളാക്കൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, നിരീക്ഷണത്തിലിരിക്കൽ എന്നിവ കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധങ്ങളാണ് എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മുഴവന്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഓരോ സംസ്ഥാനവും വഹിക്കുന്ന വഹിക്കുന്ന പങ്കും പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിക്ക് കോവിഡ് 19 ഉണ്ടോയെന്ന് 72 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിച്ചാല്‍ കോവിഡ് വ്യാപനം വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് കോവിഡ് 19 രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താനിടയായവര്‍ 72 മണിക്കൂറിനുളളില്‍ പരിശോധന നടത്തണമെന്നുളളത് പ്രധാനമാണ്. രാജ്യത്തെ പരിശോധനാ നിരക്ക് പ്രതിദിനം 7 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാവിലെ 11 ന് ആരംഭിച്ച യോഗത്തിൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ മുഖ്യമന്ത്രിമാർ പങ്കെടുത്തു. കർണാടകയെ ഉപമുഖ്യമന്ത്രിയാണ്​ പ്രതിനിധീകരിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.