ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പ്രതിയാക്കുന്നില്ലെന്ന് സുപ്രീംകോടതി. കേസിൽ ജയലിൽ കഴിയുന്ന ആപ് നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യ ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. ചോദ്യത്തിന് വ്യാഴാഴ്ച മറുപടി നൽകണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇ.ഡിയോട് ആവശ്യപ്പെട്ടു.
മനീഷ് സിസോദിയക്ക് ജാമ്യം നൽകുന്നതിനെ കേന്ദ്ര സർക്കാർ എതിർക്കുകയും ഡൽഹി മദ്യനയത്തിന്റെ ഗുണഭോക്താവ് ഒരു രാഷ്ട്രീയ പാർട്ടി ആണെന്ന് വാദിക്കുകയും ചെയ്തപ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യമുയർത്തിയത്.
‘അനധികൃത തടയൽ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത ഡൽഹി മദ്യനയ കേസിൽ ഇ.ഡി ആകെ ആരോപിക്കുന്നത് പണമെല്ലാം ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോയെന്നാണ്. എന്നാൽ ആ രാഷ്ട്രീയ പാർട്ടിയെ ഇതു വരെ പ്രതിയാക്കിയിട്ടില്ല. നിങ്ങൾ ഇതിനെങ്ങിനെ ഉത്തരം പറയും?’. ഉത്തരം എന്തു തന്നെയായാലും നാളെ തന്നെ നൽകണമെന്നും മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ഉന്നയിക്കാത്ത ഈ ചോദ്യം താൻ തന്നെ നേരിട്ട് ചോദിക്കുകയാണെന്നും ജസ്റ്റിസ് ഖന്ന കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയ ഈ വർഷം ഫെബ്രുവരി 26 മുതൽ ജയിലിലാണ്. ആദ്യം സി.ബി.ഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയക്കെതിരെ പിന്നീട് ഇ.ഡിയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന ആപ് നേതാവുമായ സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. വസതിയിൽ റെയ്ഡ് നടത്തി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.