നാഗ്പൂർ: തെൻറ പാർട്ടിക്ക് അധികാരം ലഭിച്ചാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മറ്റ് പിന്നോക്ക സമുദായക്കാർക്കുള്ള (ഒ.ബി.സി) സംവരണം പുനസ്ഥാപിക്കുമെന്നും അല്ലാത്ത പക്ഷം രാഷ്ട്രീയം നിർത്തുമെന്നും മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
ഒ.ബി.സി സംവരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിലെ വറൈറ്റി സ്ക്വയർ ചൗക്കിൽ ബി.ജെ.പി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ ഭരണപക്ഷമായ മഹാ വികാസ് അഖാഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഈ പ്രശ്നം സംസ്ഥാന തലത്തിൽ പരിഹരിക്കാമെന്നതാണ് വസ്തുത. ഒരു നിയമം രൂപീകരിച്ച് സംസ്ഥാന സർക്കാരിന് സംവരണം പുനസ്ഥാപിക്കാൻ കഴിയും. കേന്ദ്രസർക്കാറിെൻറ ഒരു നിയമത്തിെൻറയും ആവശ്യമില്ല. അതുകൊണ്ടാണ് മഹാരാഷ്ട്ര ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഒ.ബി.സി സംവരണമുള്ളത്. മഹാ വികാസ് അഖാഡി ഒരു നിയമം നിർമിക്കേണ്ടതുണ്ട്. അവരുടെ നുണ വെളിപ്പെടുത്തുന്നതുവരെ ഞങ്ങൾ അവസാനിപ്പിക്കില്ല' -ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒ.ബി.സിക്കാർക്കുള്ള സംവരണം പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും ഒ.ബി.സികൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്ന മൊത്തം സീറ്റുകളുടെ 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് മാർച്ച് നാലിനുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഒ.ബി.സി സംവരണത്തെ മനപൂർവ്വം നഷ്‌ടപ്പെടുത്തുന്നുവെന്നാണ് നിയമസഭയിൽ നാഗ്പൂർ സീത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫഡ്‌നാവിസ് പറയുന്നത്.
'മഹാ വികാസ് അഖാഡി സർക്കാരിലെ എല്ലാ ഒ.ബി.സി മന്ത്രിമാരോടുമായി ഞാൻ ഒരു കാര്യം അഭ്യർഥിക്കുന്നു. ഞങ്ങളും അവരും തമ്മിൽ ശത്രുതയില്ല. ഒ.ബി.സിക്കാരുടെ കാര്യത്തിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ, പാർട്ടി നിലപാടുകൾ പരിഗണിക്കാതെ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കാൻ തയ്യാറാണ്. നിങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയാൽ ...അടുത്ത മൂന്ന്, നാല് മാസത്തിനുള്ളിൽ ഞങ്ങൾക്ക് ഒ.ബി.സി സംവരണം തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ പറയുന്നു. ഒ.ബി.സിക്കാർക്കുള്ള സംവരണം തിരികെ കൊണ്ടുവരുന്നതിൽ ഞാൻ പരാജയപ്പെട്ടാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും' -ഫഡ്‌നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.