ന്യൂഡൽഹി: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. തിരക്കിട്ട തയാറാക്കിയ അബദ്ധ ജഡിലമായ പദ്ധതിയായതിനാൽ ബി.ജെ.പി സർക്കാരിന് സി.എ.എ പ്രാബല്യത്തിൽ വരുത്താൻ കഴിയില്ലെന്നും ആസാമിലെ പ്രതിപക്ഷ എം.എൽ.എമാരുമായി സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി.
പൗരത്വം ആസാമിലെ പ്രധാനപ്രശ്നമാണ്. രാജ്യത്തുടനീളം പൗരത്വനിയമം നടപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ അവർക്കതിന് സാധിക്കില്ല.-അദ്ദേഹം പറഞ്ഞു. സി.എ.എ നടപ്പാക്കാത്തത് കോവിഡ് മൂലമെന്നാണ് സർക്കാർ പറയുന്നത്. യഥാർഥത്തിൽ അവർക്കതിന് കഴിയാത്തതിന് കോവിഡിനെ കൂട്ടുപിടിക്കുകയാണ്. അധികാരത്തിലുള്ളവർ തന്നെ ഭരണഘടനക്ക് ഭീഷണിയായിരിക്കയാണ്. അതിനാൽ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന നിലയിൽ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃത്വം പൂർണമായും തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കണ്ടാണ് 2018ൽ ബി.ജെ.പി വിട്ടത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അട്ടിമറിക്കാനാണ് ഭരണകക്ഷിയും സർക്കാരും ശ്രമിക്കുന്നതെന്നും യശ്വന്ത് സിൻഹ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ്, ഗവർണറുമാരുടെ ഓഫിസുകൾ എന്നിവ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമായി മാറ്റുകയാണ്. എന്ത് ആശയത്തിനാണു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപതി മുർമു മനസിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.