ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് സർവസമയവും ജപിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിന് വീട്ടിൽ നിന്ന് ഭക്ഷണം കൊടുക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ വനിതകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് പരാമർശം.
'ഏറെ ആണുങ്ങൾ മോദിയുടെ പേരാണ് ജപിച്ചുകൊണ്ടിരിക്കുന്നത്. അത് നിങ്ങൾ ശരിയാക്കിക്കൊടുക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് പറഞ്ഞുകൊണ്ടേയിരിക്കുകയാണെങ്കിൽ വീട്ടിൽ നിന്ന് ഭക്ഷണം കൊടുക്കരുത്' -കെജ്രിവാൾ പറഞ്ഞു.
ആം ആദ്മിക്ക് വോട്ടുചെയ്യാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാൾ മാത്രമാണ് നിങ്ങളുടെ കൂടെയുള്ളതെന്ന് അവരോട് പറയണം. അവർക്കായി വൈദ്യുതി സൗജന്യമാക്കി, ബസ് യാത്രകൾ സൗജന്യമാക്കി, കൂടാതെ എല്ലാ സ്ത്രീകൾക്കും മാസം ആയിരം രൂപ നൽകുകയാണ്. ബി.ജെ.പി എന്താണ് അവർക്കായി ചെയ്തിട്ടുള്ളത്? എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്? കെജ്രിവാളിന് ഇത്തവണ വോട്ട് ചെയ്യണം -അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്‍റെ പേരിൽ ചില പാർട്ടികൾ തട്ടിപ്പ് നടത്തുകയാണ്. സ്ത്രീകൾക്ക് സ്ഥാനങ്ങൾ ലഭിക്കരുത് എന്നല്ല ഞാൻ പറയുന്നത്. അവർക്ക് വലിയ പദവികളും സ്ഥാനങ്ങളും ലഭിക്കണം. എന്നാൽ, രണ്ടോ നാലോ സ്ത്രീകൾക്ക് മാത്രമാണ് ഇതിന്‍റെ മെച്ചം ലഭിക്കുന്നത്. മറ്റുള്ള സ്ത്രീകൾക്ക് എന്താണ് ലഭിക്കുന്നത്. പണം ഉണ്ടാകുമ്പോഴാണ് ശാക്തീകരണമുണ്ടാകുന്നത്. 1000 രൂപ എല്ലാ മാസവും ലഭിക്കുമ്പോഴാണ് യഥാർഥ ശാക്തീകരണം -കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.