മുംബൈ: സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ 120 ബി.ജെ.പി നേതാക്കളുടെ ലിസ്റ്റ് തന്‍റെ കൈവശമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. താൻ വാ തുറന്നാൽ ബി.ജെ.പി കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഭാര്യക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ഹാജരാകാൻ വീണ്ടും നോട്ടീസ് ലഭിച്ചതിനുപിന്നാലെയാണ് റാവത്ത് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. പഞ്ചാബ് മഹാരാഷ്ട്ര കോഓപറേറ്റിവ് ബാങ്ക് (പി.എം.സി) ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റാവത്തിന്‍റെ ഭാര്യ വർഷ റാവത്തിന് ഇ.ഡി നോട്ടിസ് നൽകിയത്.
രാഷ്ട്രീയ എതിരാളികളെ തളക്കാൻ ഇ.ഡിയെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ശിവസേന ശക്തമായ പ്രതിരോധമൊരുക്കുകയാണ്. ശിവസേനയുടെ പ്രമുഖ നേതാവായ റാവത്ത് ബി.ജെ.പിക്കെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് പുതിയ വിവാദം. അന്വേഷണത്തിൽനിന്ന് റാവത്ത് കുടുംബം എന്തിനാണ് ഒളിച്ചോടുന്നതെന്ന് ബിജെ.പി നേതാവ് കിരിത് സോമയ്യ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി സഞ്ജയ് റാവത്ത് രംഗത്തുവന്നത്.
'എന്‍റെ കുടുംബത്തിന്‍റെ പേര് ഗൂഢോദ്ദേശ്യത്തോടെ പി.എം.സി, എച്ച്.ഡി.ഐ.എൽ വിവാദങ്ങളിേലക്ക് വലിച്ചിഴക്കുകയാണ്. ആേരാപണം തെളിയിക്കാൻ അവരെ ഞാൻ വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ചില ബി.ജെ.പി നേതാക്കന്മാർ എങ്ങനെയാണ് പി.എം.സിയെക്കുറിച്ചും എച്ച്.ഡി.ഐ.എല്ലിനെക്കുറിച്ചുമൊക്കെ അറിയുന്നത്? അവരുടെ ചില നേതാക്കൾ ഇ.ഡി ഓഫിസിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഞങ്ങളുടെ കുടുംബങ്ങളെ വേട്ടയാടാൻ അവർ ഇ.ഡിയെ ഉപയോഗിക്കുന്നു. ഞാൻ വാ തുറന്നാൽ, ബി.ജെ.പിക്ക് അത് വലിയ പ്രശ്നമായി മാറും. തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ, എന്‍റെ നേതാവ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത് അവരുടെ കുടുംബങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നാണ്. ഇത് രാഷ്്ട്രീയ പോരാട്ടമാണ്. ബിജെ.പിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകും'-വാർത്തസമ്മേളനത്തിൽ റാവത്ത് പറഞ്ഞു.
ഡെവലപർ കമ്പനിയായ എച്ച്.ഡി.ഐ.എൽ 20 കോടി രൂപ ബി.ജെ.പിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ ഒരു തുറമുഖത്തിന്‍റെ വികസനത്തിനായി ബി.ജെ.പി എം.പിയുമായി എച്ച്.ഡി.ഐ.എല്ലിന് പങ്കാളിത്തമുണ്ടെന്ന് തനിക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. 'അതെന്തുകൊണ്ടാണ് അന്വേഷിക്കാത്തത്? എന്‍റെ ഭാര്യ അവരുടെ സുഹൃത്തിന്‍റെ പക്കൽനിന്ന് ഒരു വായ്പയെടുത്ത് പത്തുവർഷത്തിനുശേഷം ഇ.ഡി ഇപ്പോഴാണ് ഉണർന്നെണീറ്റത്. ഈ വായ്പയുടെ കാര്യം എന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്'-റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ സർക്കാറിനെ താഴെയിറക്കാനുള്ള ഗൂഢ പദ്ധതികൾ വിജയം കാണാത്തതിലുള്ള അരിശം കൊണ്ടാണ് പാർട്ടിയുടെ മുതിർന്ന നേതാക്കെള ഇ.ഡി വഴി വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.