യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 

നീതി വൈകിയാൽ ജനാധിപത്യം അർത്ഥശൂന്യം -യോഗി ആദിത്യനാഥ്

ലഖ്നോ: സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ജനാധിപത്യവും സദ്ഭരണവും അർത്ഥശൂന്യമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസി​ലെ ആദ്യ ബാച്ച് വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്, എന്നാൽ സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ഈ വാക്കുകൾ അർത്ഥശൂന്യമാകും’ - യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനിടെ, യു.പിയിൽ യോഗി മുഖ്യമന്ത്രിയായ ശേഷം നിരപരാധികളെയടക്കം 200ഓളം പേരെയാണ് വിചാരണയോ കോടതിനടപടിയോ കൂടാതെ പൊലീസ് ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയത്. സർക്കാറിനെതിരെ സമരം നടത്തിയവരുടെയടക്കം നിരവധി പേരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉ​പയോഗിച്ച് ഏകപക്ഷീയമായി തകർത്തതും രാജ്യവ്യാപകമായ വിമർശനത്തിനിടയാക്കിയിരുന്നു. 

യു.പിയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാൾ വീതം ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കൊല്ലപ്പെടുന്നതായി ഇന്ത്യൻ എക്സ്‍പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2017 മുതൽ 186 പേരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്നും ആരോപണമുണ്ട്.

ഏറ്റുമുട്ടലുകളിൽ കാലിനു മാത്രം പരിക്കേറ്റ ആളുകളുടെ എണ്ണം 5046 വരും. ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് മീററ്റിലാണ്. ഇവിടെ 3152 ഏറ്റുമുട്ടലുകളിലായി 63 ​പേർ കൊല്ലപ്പെട്ടു. 1708 പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയ പൊലീസുകാർക്ക് 75,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ സർക്കാർ പാരിതോഷികവും നൽകി.

അതേസമയം, യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്നാരോപിച്ച്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ ലഭിക്കുമെന്ന് തന്റെ സഹപ്രവര്‍ത്തകനോട് വെളിപ്പെടുത്തുന്ന പൊലീസുകാരന്റെ സംഭാഷണവും മുമ്പ് പുറത്തുവന്നിരുന്നു.

Tags:    
News Summary - If justice is not delivered in a time-bound manner, then democracy and good governance become meaningless -UP CM Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.