ന്യൂഡൽഹി: പൊലീസ് വിട്ടയച്ച് വീണ്ടും കസ്റ്റഡിയിലെടുത്ത ലഡാക്കിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകും പ്രക്ഷോഭകരും നിരാഹാര സമരം തുടരുന്നു. ഗാന്ധി ജയന്തി ദിനത്തിലും തങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണെന്ന് ഇവർ ആരോപിച്ചു. ലേയിൽ നിന്ന് ഒരുമാസം മുമ്പ് തുടങ്ങിയ ‘ഡൽഹി ചലോ’ പദയാത്ര നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് തിങ്കളാഴ്ച രാത്രി ഡൽഹി സിംഘു അതിർത്തിയിൽ തടഞ്ഞ പൊലീസ് സമരക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
24 മണിക്കൂർ കഴിഞ്ഞതിനാൽ പ്രവർത്തകരുടെ കസ്റ്റഡി നിയമവിരുദ്ധമാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കണമെന്നും ലേ അപക്സ് ബോഡി (എൽ.എ.ബി) കോഓഡിനേറ്റർ ജിഗ്മത് പൽജർ പറഞ്ഞു. ചിലരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഫോണുകൾ പൊലീസ് പിടിച്ചെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭകരെ ചൊവ്വാഴ്ച രാത്രി വിട്ടയച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. വാങ്ചുകുവിനെയും മറ്റുള്ളവരെയും ചൊവ്വാഴ്ച രാത്രി പോകാൻ അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി മാർച്ച് നടത്തുമെന്ന നിലപാടിൽ ഉറച്ചുനിന്നതിനാൽ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.