ന്യൂഡൽഹി: അഴിമതി തടയുന്നതിനുള്ള ഫലപ്രദമാർഗമായി കരുതുന്ന ലോക്പാൽ സംവിധാനം നിലവിൽവന്നിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ പോർവിമാന ഇടപാടിലെ ഒ ന്നാം പ്രതിയായി മാറിയേനെ എന്ന് കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി. റഫാൽ ഇടപാടി ൽ ആരെങ്കിലും കുറ്റക്കാരനാണെങ്കിൽ അതു പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെ ഇടക്കാല ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു വീരപ്പ മൊയ്ലി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പാർലമെൻറിെൻറ ഇരുസഭകളിലും കഴിഞ്ഞ ദിവസത്തെപ്പോലെ തിങ്കളാഴ്ചയും വലിയ ഒച്ചപ്പാടാണ് ഉയർത്തിയത്. ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തിൽനിന്ന് നരേന്ദ്ര മോദിക്ക് ഇപ്പോൾ ഒഴിഞ്ഞുമാറാൻ കഴിയുമെങ്കിലും, വരാനിരിക്കുന്ന നാളുകളിൽ അതിനു സാധിക്കില്ലെന്ന് മൊയ്ലി പറഞ്ഞു.
എന്തുകൊണ്ടാണ് ലോക്പാൽ നിയമം നടപ്പാക്കാത്തതെന്ന് ഇപ്പോൾ വ്യക്തമായി. നടപ്പാക്കിയിരുന്നെങ്കിൽ പ്രധാനമന്ത്രിതന്നെ കുടുങ്ങിയേനെ. കുറ്റബോധമുള്ള സർക്കാർ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെക്കൊണ്ട് വേട്ടയാടുന്നതാണ് ഇപ്പോഴത്തെ കാഴ്ച. 56 ഇഞ്ച് നെഞ്ചളവുള്ളവരുടെ വിശാലമായ തോളിന് അഴിമതിക്കെതിരായ വെടിയുണ്ട താങ്ങാൻ കഴിയില്ലെന്ന് മൊയ്ലി പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി റഫാൽ കേസിലെ ഉത്തരവ് തിരിച്ചുവിളിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പല വിവരങ്ങളും സുപ്രീംകോടതിയിൽനിന്ന് മറച്ചുവെക്കുകയാണ് സർക്കാർ ചെയ്തതെന്ന് തെളിഞ്ഞു. ബാങ്ക് ഗാരൻറിയില്ല, അഴിമതിവിരുദ്ധ വ്യവസ്ഥ നീക്കി, എസ്ക്രോ അക്കൗണ്ടില്ല തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പുതുതായി ഉയർന്നുവന്നിരിക്കുന്നു. റഫാൽ ഇടപാട് പരിശോധിച്ച സി.എ.ജിക്കുപോലും ഇതിൽ വ്യക്തമായ താൽപര്യങ്ങൾ ഉണ്ടാകാമെന്ന് തെളിഞ്ഞുവെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.