കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ. ഒരു ഇരയെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുകയാണെങ്കിൽ അവർക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിൽ ബംഗാളിലെ പ്രാദേശിക തൃണമൂൽ നേതാവിന്‍റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വിഷയത്തിൽ മമത പ്രതികരിച്ചിരുന്നു. "ഇതിനെ എങ്ങനെയാണ് ബലാത്സംഗമെന്ന് വിളിക്കുക? കുട്ടി ഗർഭിണിയായിരുന്നോ അല്ലെങ്കിൽ ഇരുവരും തമ്മിൽ പ്രണയത്തിലാണോയെന്ന് അവർ അന്വേഷിച്ചോ?"-മമത ചോദിച്ചു.
"ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കുടംബത്തിന് അറിയാമായിരുന്നു. രണ്ട് പേർ തമ്മിൽ പ്രണയത്തിലാണെങ്കിൽ അത് എതിർക്കാൻ കഴിയുന്നത് എങ്ങനെയാണ്. ഇത് യു.പി അല്ല. ഞങ്ങളുടെ സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ല. പ്രണയിക്കുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്"- മമത കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മമത പറഞ്ഞു.
എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ലെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്തരം ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ടി.എം.സി നേതാവിന്‍റെ മകന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 14 വയസ്സുകാരി ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് തൃണമൂൽ നേതാവിന്‍റെ മകനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.