ന്യൂഡൽഹി: പാകിസ്താൻ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ ഇന്ത്യൻ സൈന്യം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്താൻ മുൻകൈ എടുത്താൽ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം നിലപാട് എടുക്കുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യൻ ഗെയിംസിൽ ജാവ്ലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്ര വെങ്കലം നേടിയ പാകിസ്താൻ താരത്തിന് ഹസ്താനം ചെയ്തുകൊണ്ട് വേദിയിൽ നിൽക്കുന്ന ചിത്രം വൈറലായിരുന്നു.
കശ്മീരിലെ സ്ഥിതിഗതികൾ 2017 നെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്നും നുഴഞ്ഞകയറ്റങ്ങൾ തടയാൻ ശക്തമായ നടപടികളാണ് കൈകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ കായികതാരങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്ര വേദികൾ വേണമെന്നും ബിപിൻ റാവത്ത് പറഞ്ഞു. 2020 ഒളിമ്പിക്സിലേക്ക് തയാറാകുന്നതിന് താരങ്ങൾ പരമാവധി അന്തരാഷ്ട്ര വേദികളും മത്സരങ്ങളും ഉപയോഗപ്പെടുത്തണം. ഏഷ്യൻ ഗെയിംസിൽ കരസേനയിൽ നിന്ന് 73 കായിക താരങ്ങളും പരിശീലകരും പെങ്കടുത്തു. സേനാംഗങ്ങൾ നാലു സ്വർണവും നാലു വെള്ളിയുമുൾപ്പെടെ 11 മെഡലുകൾ ഇന്ത്യക്കായി നേടിയെന്നും അടുത്ത ഒളിമ്പിക്സിൽ കൂടുതൽ മെഡലെന്ന ലക്ഷ്യത്തേക്ക് താരങ്ങൾ കുതിക്കണമെന്നും കരസേനാ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.