ന്യൂഡൽഹി: സ്വവർഗ പങ്കാളികൾക്ക് വിവാഹം അനുവദിക്കാനായി സ്പെഷൽ മാര്യേജ് ആക്ടിന് ലിംഗനിരപേക്ഷമായ ഒരു നിർവചനം സാധ്യമല്ലെന്ന് അഞ്ചംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. വിവാഹ നിയമം അത്തരത്തിൽ ലിംഗഭേദമില്ലാതാക്കിയാൽ നാമൊരിക്കലും ആഗ്രഹിക്കാത്ത വിധം സ്ത്രീകൾ അപകടത്തിലാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ഏക വനിത ജഡ്ജി ജസ്റ്റിസ് ഹിമ കൊഹ്ലിയും ഇതേ നിലപാട് കൈക്കൊണ്ടു. സ്വവർഗ പങ്കാളികളുടെ ഒരുമിച്ചുള്ള ജീവിതത്തിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കേണ്ടത് കോടതിയുടെ പണിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെയും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെയും തള്ളി ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭൂരിപക്ഷ വിധിയെഴുതി. നിരവധി തലങ്ങൾ പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തേണ്ട നയമായതിനാൽ പാർലമെന്റാണ് അത് ചെയ്യേണ്ടത്. റേഷൻ കാർഡ്, പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ സ്വവർഗ പങ്കാളികൾക്ക് കിട്ടാത്തതാണ് പ്രശ്നമെങ്കിൽ കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന സമിതി അക്കാര്യം പരിശോധിക്കണമെന്ന് ബെഞ്ച് വിധിച്ചു. എന്തൊക്കെ അവകാശങ്ങൾ അവർക്ക് അനുവദിക്കാമെന്ന് തീരുമാനിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം ജസ്റ്റിസ് ഭട്ട് അംഗീകരിച്ചു.
സ്വവർഗ ലൈംഗികത അനുവദിക്കാനുള്ള ആദ്യ കേസിൽനിന്ന് വ്യത്യസ്തമാണ് ഈ കേസെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധിയിൽ ഓർമിപ്പിച്ചു. നേരത്തെ സ്വർഗാനുരാഗികളുടെ കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടത് അവർക്ക് നേരെയുള്ള അതിക്രമങ്ങളിൽനിന്ന് സംരക്ഷണം നൽകാനായിരുന്നു. പൗരന്മാരെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായതുകൊണ്ടായിരുന്നു കോടതി അത് അനുവദിച്ചത്. എന്നാൽ, ഈ ആവശ്യം അതുപോലെയല്ല. വിവാഹം എന്നത് ഒരു സാമൂഹിക സ്ഥാപനമാണ്. ഇക്കാര്യം അംഗീകരിച്ചാൽ പിന്നെ സമൂഹത്തിലെ ഏതു വിഭാഗത്തിനും ഇതുപോലൊരു സാമൂഹിക സ്ഥാപനം വേണമെന്ന് കോടതിയോട് ആവശ്യപ്പെടാനാകുമോ എന്ന് ജസ്റ്റിസ് ഭട്ട് ചോദിച്ചു.
ജസ്റ്റിസ് ഭട്ടിന്റെ വിധിപ്രസ്താവം പൂർണമായും അംഗീകരിച്ച് ഒരു പടികൂടി കടന്ന ജസ്റ്റിസ് പി.എസ്. നരസിംഹ വിവാഹം ആചാരങ്ങളിൽനിന്ന് രൂപപ്പെട്ട ഒരു സാമൂഹിക സ്ഥാപനമാണെന്നും സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന്റെ ദർപ്പണം ആവശ്യമില്ലെന്നും വിധിയെഴുതി.
സ്വവർഗ ലൈംഗികത അനുവദിച്ചെങ്കിലും സമൂഹം സ്വവർഗ വിവാഹത്തിനായിട്ടില്ല. വിവാഹം സ്വവർഗ പങ്കാളികൾക്ക് അർഹമല്ലാത്ത അവകാശമാണ്. അതിനാൽ വിവാഹം അവരുടെ മൗലികാവകാശമായി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് നരസിംഹ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.