ന്യൂഡൽഹി: ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ നിന്നുളള പൂർവ്വ വിദ്യാർഥികൾ പുതിയ പാർട്ടിയുമായി രാഷ്ട്രീയത്തിലേക്ക്. പട്ടിക ജാതി/വർഗക്കാരുടെയും മറ്റ് പിന്നാക്ക സമുദായങ്ങളുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനുമായി പോരാടാനാണ് പുതിയ പാർട്ടി രൂപീകരണത്തിന് െഎ.െഎ.ടി പൂർവ്വവിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ െഎ.െഎ.ടികളിൽ നിന്നും പഠിച്ചിറങ്ങിയ 50 അംഗങ്ങളാണ് പാർട്ടിക്ക് ചുക്കാൻ പിടിക്കുന്നത്്. ബഹുജൻ ആസാദി പാർട്ടി എന്ന പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് നീക്കം. പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരിക്കാൻ കാത്തിരിക്കുകയാണ് സംഘം.
2015ൽ ഡൽഹി െഎ.െഎ.ടിയിൽ നിന്നും ബിരുദം നേടിയ നവീൻ കുമാർ എന്ന യുവാവാണ് സംഘത്തെ നയിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല തങ്ങൾ പാർട്ടി രൂപീകരിക്കുന്നതെന്ന് നവീൻകുമാർ പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള എളിയ രാഷ്ട്രീയ സംഘമാണ് തങ്ങൾ ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് തുടങ്ങും. അതിനുശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് നവീൻ കുമാർ പറഞ്ഞു.
പട്ടികജാതി/വർഗ വിഭാഗത്തിലുള്ളവരും മറ്റ് പിന്നാക്ക സമുദായത്തിലുള്ളവരുമാണ് പാർട്ടിയിൽ കുടുതലായുള്ളത്. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ ഉറപ്പുവരുത്തുന്നതിനുമാണ് പാർട്ടി മുൻഗണന നൽകുന്നത്.
ബഹുജൻ ആസാദി പാർട്ടിയെന്ന പേരിൽ അടച്ചടിച്ച പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ആർ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, എ.പി.ജെ അബ്ദുൾ കലാം തുടങ്ങിയവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.