2022ലാണ് ഖരഗ്പൂർ ഐ.ഐ.ടി വിദ്യാർഥിയായിരുന്ന ഫൈസാൻ മുഹമ്മദ് കൊല്ലപ്പെട്ടത്. രണ്ടുവർഷത്തിനു ശേഷം മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരിക്കുകയാണ്. കുത്തേൽക്കുന്നതിന് മുമ്പ് ഫൈസാന് വെടിയേറ്റിട്ടുണ്ടായിരുന്നുവെന്നാണ് രണ്ടാമത്തെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവനുസരിച്ചാണ് വീണ്ടും മൃതദേഹം ഫോറൻസിക് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ മേയിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. കേസിൽ അടുത്താഴ്ച വീണ്ടും വാദം കേൾക്കാനിരിക്കെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്.
ഫൈസാന്റെ കഴുത്തിന്റെ ഇടത് ഭാഗത്ത് വെടിയേറ്റ പാടുണ്ടെന്നാണ് റിപ്പോർട്ട് സമർപ്പിച്ച ഡോ. എ.കെ. ഗുപ്ത വ്യക്തമാക്കിയത്. കഴുത്തിന്റെ വലതുഭാഗത്ത് കുത്തേറ്റ മുറിവുമുണ്ട്. പരിക്കേറ്റ ഈ രണ്ട് അടയാളങ്ങളും പൊലീസിന്റെ പ്രാഥമിക പരിശോധന റിപ്പോർട്ടിൽ ഇല്ലായിരുന്നു. മാത്രമല്ല ആദ്യ പോസ്റ്റ്മോർട്ടം ചിത്രീകരിച്ചിട്ടുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിദ്യാർഥിയുടെ നഖത്തിലും മുടിയിലും രക്തം കണ്ടെത്തിയിരുന്നു. വിഷം കഴിച്ചാണ് മരണമെന്ന നിഗമനം രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളിക്കളഞ്ഞു. കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ട് സമർഥിക്കുന്നുണ്ട്.
2023 മേയിലാണ് അന്വേഷണം തൃപ്തികരമല്ലെന്നും മകന്റെ മരണകാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും കാണിച്ച് ഫൈസാന്റെ മാതാവ് കൽക്കട്ട ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് യഥാർഥ മരണകാരണം കണ്ടെത്താൻ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
അസമിലെ തിൻസുകിയയാണ് ഐ.ഐ.ടിയിലെ മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഫൈസാന്റെ സ്വദേശം. മരിക്കുമ്പോൾ 23വയസായിരുന്നു പ്രായം. ലാലാ ലജ്പത് റായി ഹോസ്റ്റലിൽ 2022 ഒക്ടോബർ 14നാണ് ഫൈസാനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫൈസാൻ താമസിച്ചിരുന്ന മുറിയിലായിരുന്നില്ല മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും റാഗിങ്ങിന്റെ ഇരയാണ് ഫൈസാൻ എന്നുമാണ് കുടുംബം ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.