ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കൊണ്ടു വന്ന ഇംപീച്ച്മെന്റ് പ്രമേയത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാർ. ഇംപീച്ച്മെന്റ് പ്രമേയത്തിൽ നിന്ന് പാർട്ടി പിന്മാറണമെന്ന് അശ്വനി കുമാർ ആവശ്യപ്പെട്ടു.
വിവാദത്തിന്റെ പശ്ചാത്തലം എന്തെന്ന് തനിക്ക് അറിയില്ല. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഇത് കീഴ്വഴക്കമില്ലാത്ത നടപടിയാണെന്നും അശ്വനി കുമാർ ചൂണ്ടിക്കാട്ടി.
സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാൻ ഏഴു പാർട്ടികളിലെ 71 എം.പിമാർ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്. ചീഫ് ജസ്റ്റിസിൽ അഞ്ചു കുറ്റങ്ങൾ ആരോപിച്ചാണ് മാസങ്ങൾ നീണ്ട വീണ്ടുവിചാരത്തിനൊടുവിൽ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേ ഒരു ന്യായാധിപനുമേൽ കുറ്റവിചാരണക്കുള്ള സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നത്. രാജ്യസഭയിലെ കോൺഗ്രസ്, എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.െഎ, എൻ.സി.പി, മുസ്ലിം ലീഗ് എം.പിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്.
തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ബിജു ജനതാദൾ, ഡി.എം.കെ, എ.െഎ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ എം.പിമാർ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.