ദിസ്പൂർ: ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബി.ജെ.പി സർക്കാറാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറെന്ന് രാഹുൽ ഗാന്ധി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനും ബി.ജെ.പിയെയും ആർ.എസ്.എസിനെയും അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ശിവസാഗർ ജില്ലയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലേതാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ ഞങ്ങൾ അസമിന്‍റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടും. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷം പടർത്തുകയും ഒരു സമുദായത്തെ മറ്റുള്ളവക്കെതിരാക്കുകയും ചെയ്യുന്നു. പൊതുപണം കൊള്ളയടിക്കുകയും രാജ്യത്തെ ചൂഷണം ചെയ്യുകയുമാണ് അവരുടെ ജോലി"- അദ്ദേഹം പറഞ്ഞു.
ഇത്തരം യാത്രകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന ബി.ജെ.പിയുടെ പ്രസ്താവനയെ അദ്ദേഹം എതിർത്തു. കഴിഞ്ഞ വർഷത്തെ ‘ഭാരത് ജോഡോ യാത്ര’ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രത്തെ തന്നെ മാറ്റിമറിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
100 ലോക്സഭ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൊത്തം 6713 കിലോമീറ്റർ പിന്നിടും. 110 ജില്ലകളിലൂടെയും 337 അസംബ്ലി മണ്ഡലങ്ങളിലൂടെയുമാണ് യാത്ര. 67 ദിവസത്തിനൊടുവിൽ മാർച്ച് 20ന് യാത്ര മുംബൈയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.