ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനായി നാളെ വോട്ടെണ്ണൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുതിർന്ന നേതാക്കളെ വിന്യസിച്ചു.
ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ടെങ്കിലും ഏതൊരു സാഹചര്യത്തെയും നേരിടാൻ പാർട്ടി തയാറാണ്. ബി.ജെ.പിയിലേക്കുള്ള കൂട്ട കൂറുമാറ്റം മൂലം 2017ൽ ഗോവയിൽ 17 സീറ്റുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യം തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.
ഗോവയിൽ എ.ഐ.സി.സി ചുമതലയുള്ള സംസ്ഥാന പാർട്ടി അധ്യക്ഷനെ സഹായിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാറിനെ പനാജിയിലേക്കയച്ചു.
അട്ടിമറി മറികടക്കുന്നതിനായി തൃണമൂൽ കോൺഗ്രസും അഭിഷേക് ബാനർജി, പ്രശാന്ത് കിഷോർ, ഡെറിക് ഒബ്രിയാൻ എന്നിവരെ അഞ്ച് സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഗോവയിൽ 2 മുതൽ 5 സീറ്റു വരെ നേടി തൃണമൂൽ മികച്ച മത്സരം കാഴ്ചവെക്കുമെന്ന് വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.
ഉത്തരാഖണ്ഡിൽ ഫലങ്ങൾ പുറത്ത് വന്നാൽ പാർട്ടിക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കോൺഗ്രസ് ഡെറാഡൂണിലേക്ക് അയച്ചു.
യു.പിയിൽ തെരഞ്ഞെടുപ്പിന്‍റെ പ്രധാന ചുമതലയുള്ള പ്രിയങ്ക ഗാന്ധി തന്നെയാണ് വോട്ടെണ്ണലിന് ശേഷവും നിരീക്ഷണത്തിന് മേൽ നോട്ടം വഹിക്കുക.
പഞ്ചാബിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തൂക്കുസഭയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാർട്ടികളിലെ സ്ഥാനാർതികൾ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭൂരിപക്ഷം കുറയുന്ന സാഹചര്യത്തിൽ അവർ കോൺഗ്രസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എ.സ് സിംഗ് ദിയോ, മുകുൾ വാസ്‌നിക്, ലോക്‌സഭാ എം.പി വിൻസെന്റ് പാല എന്നിവരെ കോൺഗ്രസ് മണിപ്പൂരിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.