ഛത്തീസ്​ഗഢിൽ കുടിവെള്ള സ്രോതസ്സുകളില്‍ കൂടിയ അളവിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി

റായ്പൂർ: ഛത്തീസ്​ഗഢിലെ ആറ് ജില്ലകളിലെ കുടിവെള്ള സ്രോതസ്സുകളില്‍ അപകടകരമായ അളവില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്,കാങ്കര്‍, ബെമെതാര, ബലോഡ്, കവര്‍ധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിലാണ് യുറേനിയം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന പറയുന്ന അളവിനേക്കാൾ മൂന്നോ നാലോ ഇരട്ടിയില്‍ അധികമാണ് വെള്ളത്തില്‍ കണ്ടെത്തിയ യുറേനിയത്തിന്റെ അളവ്. ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച കണക്ക്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് 30 മൈക്രോഗ്രാം വരെ ഉയര്‍ത്തിയിട്ടുണ്ട്. ഇതിലും ഉയര്‍ന്ന പരിധിയിലാണ് ഇവിടെ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.

ലിറ്ററിന് 100 മൈക്രോഗ്രാമില്‍ അധികമാണ് ആറു ജില്ലകളിലെയും കുടിവെള്ള സ്രോതസ്സിലെ യുറേനിയത്തിന്റെ സാന്നിധ്യം. ബാലോദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു സാമ്പിളില്‍ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറില്‍ നിന്നുള്ള സാമ്പിളില്‍ 106 മൈക്രോഗ്രാമും കണ്ടെത്തി. ലിറ്ററിന് 86 മുതല്‍ 105 മൈക്രോഗ്രാം വരെ യുറേനിയമാണ് ആറ് ജില്ലകളിലെയും ശരാശരി.

യുറേനിയം ആണവ റിയാക്ടറുകളില്‍ ഇന്ധനമായാണ് ഉപയോഗിക്കുന്നത്. കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നത് കാന്‍സര്‍, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമായേക്കാം. യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നിലവിൽ നാല് യുറേനിയം നിക്ഷേപങ്ങള്‍ ഛത്തീസ്​ഗഢില്‍ ഉണ്ട്. 

Tags:    
News Summary - In Chhattisgarh, high levels of uranium have been found in drinking water sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.