ന്യൂഡൽഹി: സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെ ലക്ഷ്യമിട്ട് കോൺഗ്രസ് ‘ബുച്ച് ബച്ചാവോ സിൻഡിക്കേറ്റ്’ എന്ന പേരിൽ പോഡ്‌കാസ്‌റ്റ് ആരംഭിച്ചു. ബുച്ചിനെതിരിൽ മാർക്കറ്റ് റെഗുലേഷൻസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിരുദ്ധ താൽപര്യങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി വക്താവ് പവൻ ഖേരയുമാണ് ആദ്യ എപ്പിസോഡിൽ സംസാരിച്ചത്. ബുച്ചിന് ചില കോര്‍പ്പറേറ്റ് കമ്പനികളോടുള്ള വ്യക്തി താൽപര്യം, ബുച്ചിന്റെ നേതൃത്വത്തില്‍ സെബിക്കുണ്ടായ തകര്‍ച്ച, നിക്ഷേപകർക്കുണ്ടാക്കിവെച്ച അപകടങ്ങള്‍ എന്നിവയെല്ലാം പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സെബിയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ കോർപ്പറേറ്റുകളെ അനുവദിച്ചതായും സെബിയുടെ നിയന്ത്രണ ചട്ടക്കൂട് അവരുടെ നേതൃത്വത്തിൽ ദുർബലമായെന്നും ദശലക്ഷക്കണക്കിന് നിക്ഷേപകരെ അപകടത്തിലാക്കിയെന്നും കോൺഗ്രസ് നേതാക്കൾ വാദിച്ചു. ഇന്ത്യയിലെ 400 മില്യണ്‍ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ സെബിയില്‍ സ്വാധീനം ചെലുത്താന്‍ കോര്‍പ്പറേറ്റ് മുതലാളികളെ അനുവദിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റുന്ന നിരവധി രേഖകള്‍ ബുച്ചിന്റെ പക്കല്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ബുച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും എന്നാല്‍ ഇത് ഓഹരി വിപണിയെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്ന പത്ത് കോടി ആളുകളുടെ പണം അപകടത്തിലാക്കുകയാണെന്നും ഖേരയും അഭിപ്രായപ്പെട്ടു. ബുച്ചിന്റെ പക്ഷപാത നിലപാട് പല തവണ വെളിപ്പെട്ടതാണെന്നും അതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നും ഈ അഴിമതി പുറത്ത് കൊണ്ടുവരാന്‍ ഏതറ്റം വരെയും പോരാടുമെന്നും ഭീഷണിപ്പെടുത്തല്‍, അയോഗ്യത, ജയില്‍ശിക്ഷ എന്നിവക്കൊന്നും തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ആഗസ്റ്റില്‍ സെബി ചെയര്‍ പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് നിരവധി തെളിവുകള്‍ പുറത്ത് വിട്ടിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ കടലാസു കമ്പനികളില്‍ മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തി.
സെബി അംഗമായപ്പോള്‍ മാധബി ബുച്ച് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്‍ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യയുടെ ഓഹരികള്‍ നിലനിര്‍ത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് ബുച്ച് സെബി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചെങ്കിലും ബുച്ചിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.