മടിക്കേരി: എട്ടു കോടിരൂപ തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ച കേസിൽ സിനിമ കഥകളെ വെല്ലുന്ന രീതിയിലാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.
പ്രതികളെ പിടിക്കാൻ പൊലീസ് പരിശോധിച്ചത് 500 സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ്. തെലങ്കാനയിൽ നിന്നുള്ള 54കാരനായ വ്യവസായി രമേശ് കുമാറിനെയാണ് ഭാര്യ നിഹാരികയും കാമുകൻ നിഖിലും കൂട്ടാളി അങ്കുറും ചേർന്ന് കൊന്ന് കത്തിച്ചത്. ഹൈദരാബാദിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹവുമായി 800 കിലലോമീറ്റർ കാറോടിച്ച് കുടകിലെത്തുകയായിരുന്നു. കുടക് എസ്.പി കെ. രാമരാജന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
16 പൊലീസുദ്യോഗസ്ഥർ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഊർജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക സൂചനകൾ ലഭിക്കാത്തതിനാൽ പൊലീസ് ചുറ്റുമുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ ചുവന്ന മെഴ്‌സിഡസ് ബെൻസ് കാർ ശ്രദ്ധിക്കുകയും ചെയ്തു.
കുടകിൽ നിന്ന് ഹൈദരാബാദിലെത്തുവോളമുള്ള പ്രധാന പാതയിലെ 500ലധികം കാമറകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സംഘം വിശകലനം ചെയ്തു. ഒരു ചുവന്ന മെഴ്‌സിഡസ് കാർ കുടകിൽനിന്ന് തെലങ്കാനയിലേക്ക് തിരികെ പോയതായി കണ്ടെത്തുകയും അത് രമേശിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ തെളിവുകളും നിഹാരികയുടെ കുറ്റസമ്മതവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിയത്. ഭാര്യ നിഹാരിക (29), നിഖിൽ മായിറെഡ്ഡി (28), അൻകുൽ റാണ (30) എന്നിവരാണ് അറസ്റ്റിലായത്.
ഹൈദരാബാദിലെ ഉപ്പലിൽ വെച്ച് മൂവരും ചേർന്ന് രമേശിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പണം കവർന്ന ശേഷം പ്രതികൾ മൃതദേഹവുമായി 800 കിലോമീറ്ററിലധികം സഞ്ചരിച്ച് കുടകിലെത്തി. അവിടെ കോഫി എസ്റ്റേറ്റിൽ മൃതദേഹം കത്തിച്ച് ഹൈദരാബാദിലേക്ക് മടങ്ങി. കുടക് എസ്.പി കെ. രാമരാജന്റെ നേതൃത്വത്തിലുള്ള കുടക് പോലീസ് മൃതദേഹം തിരിച്ചറിയുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും നിർണായക പങ്ക് വഹിച്ചു.
ഒക്‌ടോബർ എട്ടിനാണ് കുടക് പോലീസ് സുണ്ടിക്കൊപ്പക്ക് സമീപമുള്ള കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.