മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വാസികളെ കൈയിലെടുക്കാൻ പുതിയ പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഹിന്ദുക്കൾക്ക് അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്ലിംകൾക്ക് അജ്മീർ ഷെരീഫിലേക്കും ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണിയിലേക്കും സൗജന്യ തീർഥാടനമാണ് വാഗ്ദാനം.
തീർഥാടനത്തിന് ശേഷം ജനങ്ങൾ നല്ല മനസോടെ മടങ്ങിയെത്തുമെന്നും ഡൽഹിയിലെ എ.എ.പി സർക്കാർ നടപ്പാക്കിയ പദ്ധതിയാണിതെന്നും കെജ്രിവാൾ പറഞ്ഞു. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയാൽ ഗോവയിൽ ഇൗ പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
'ഞങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ അയോധ്യയിലേക്ക് സൗജന്യ തീർഥാടനം അനുവദിക്കുകയും ശ്രീരാമനെ ദർശിക്കാൻ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണി സൗജന്യ തീർഥാടനം ഒരുക്കും. മുസ്ലിംകൾക്ക് അജ്മീർ ഷെരീഫിലേക്കും സൗജന്യ തീർഥാടന സൗകര്യമൊരുക്കും' -കെജ്രിവാൾ പറഞ്ഞു.
ഗോവയിൽ നിരവധിേപർ ഷിർദിയിൽ വിശ്വാസിക്കുന്നവരാണെന്ന് പറഞ്ഞിരുന്നു. അവർക്കായി സായ് ബാബയുടെ ഷിർദിയിലേക്കും സൗജന്യ തീർഥാടനം ഉറപ്പാക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഡൽഹി സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ 35,000 ത്തോളം പേർക്ക് ആനുകൂല്യം ലഭിച്ചതായും കെജ്രിവാൾ പറഞ്ഞു.
അടുത്തിടെ താൻ അയോധ്യയും രാമക്ഷേത്രവും സന്ദർശിച്ചുവെന്നും അവിടെ രാമഭഗവാനെ ദർശിച്ചതിന് ശേഷം ലഭിച്ച സംതൃപ്തി എല്ലാവരും അനുഭവിക്കേണ്ടതാണെന്ന് താൻ ചിന്തിച്ചുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഗോവയിലാണ് മിക്ക പാർട്ടികളുടെയും കണ്ണ്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസങ്ങളിൽ ഗോവയിൽ തമ്പടിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഗോവയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.