അഹ്മദാബാദ്: ഗുജറാത്തിൽ ഏഴുലക്ഷം രൂപ മുടക്കി നായ്ക്കുട്ടിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്.
അഹ്മദാബാദ് കൃഷ്ണനഗർ സ്വദേശികളായ ചിരാഗ് പട്ടേൽ, സഹോദരൻ ഉർവിഷ് പട്ടേൽ, സുഹൃത്തായ ദിവ്യേഷ് മെഹാരിയയുമാണ് അറസ്റ്റിലായവർ. ചിരാഗിന്റെയും ഉർവിഷിന്റെയും നായ്ക്കുട്ടിയായ അബ്ബിയുടെ ജന്മദിനമാണ് ലക്ഷങ്ങൾ പൊടിച്ച് ആഡംബരമായി ആഘോഷിച്ചത്. വെള്ളിയാഴ്ച നടത്തിയ പാർട്ടിയുടെ ചിത്രങ്ങൾ വൻതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ആളുകൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പരിപാടിയിൽ പങ്കെടുത്തതായും സംഘാടകർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അഹ്മദാബാദിലെ നികോൽ പ്രദേശത്തായിരുന്നു അബ്ബിയുടെ ജന്മദിനാഘോഷം. മധുബൻ ഗ്രീനിലെ ഒരു വലിയ സ്ഥലം ജന്മദിനപാർട്ടിക്കായി ഒരുക്കി. മനോഹരമായി ഒരുക്കിയ ടെന്‍റുകളും അലങ്കാര വസ്തുക്കളും നായുടെ നിരവധി പോസ്റ്ററുകളും ഇവിടെ സ്ഥാപിച്ചിരുന്നു. കറുത്ത സ്കാർഫ് അണിഞ്ഞ് അബ്ബി പാർട്ടിയിലെ താരമായത്. ചടങ്ങിൽ ഒരു പ്രമുഖ നാടൻപാട്ട് കലാകാരൻ പരിപാടി അവതരിപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് നികോൽ പൊലീസ് സ്റ്റേഷനിലാണ് മൂവർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.