അപകീർത്തി കേസിൽ കങ്കണക്ക് വീണ്ടും തിരിച്ചടി; കോടതി മാറ്റണമെന്ന ആവശ്യം തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് പരിഗണിക്കുന്ന അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമുള്ള നടി കങ്കണ റണാവത്തിന്‍റെ ആവശ്യം മുംബൈ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി തള്ളി. അന്ധേരി കോടതിയുടെ ഇടപെടൽ തീർത്തും നിയമപരമായാണെന്നും നടിക്കെതിരെ മുൻവിധിയോടെയുള്ളതല്ലെന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.ടി. ഡാന്‍റെ നിരീക്ഷിച്ചു.

തനിക്കെതിരെ മുൻവിധിയോടെയും പക്ഷപാതപരമായുമാണ് അന്ധേരി കോടതി ഇടപെടുന്നതെന്നും കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു കങ്കണയുടെ ആവശ്യം. എന്നാൽ, നിയമപരമായ നടപടികൾ കോടതി സ്വീകരിക്കുന്നത് നടിക്കെതിരായ പക്ഷപാതപരമായ ഇടപെടലായി കാണാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കങ്കണയുടെ ആവശ്യം കഴിഞ്ഞ 21ന് തന്നെ കോടതി തള്ളിയിരുന്നു. ഇതിന്‍റെ വിശദമായ ഉത്തരവ് ഇപ്പോഴാണ് ലഭിക്കുന്നത്.

അപകീർത്തി കേസിൽ നിരന്തരം ഹാജരാകാതിരുന്ന കങ്കണക്കെതിരെ അന്ധേരി കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണ കോടതിയിൽ ഹാജരാകാൻ തയാറായത്. പിന്നാലെ, അന്ധേരി കോടതിയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേസ് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, കോടതിയിൽ ഹാജരാകാതെ ഇരുന്നാല്‍ വാറന്‍റ് പുറപ്പെടുവിക്കുക എന്നത് സ്വാഭാവികമായ നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കോടതി ചോദിച്ചു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് കവിയും ഗാനരചയിതാവുമാ‍യ ജാവേദ് അക്തർ കഴിഞ്ഞ വർഷം നവംബറിൽ കോടതിയെ സമീപിച്ചത്. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്‍റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Tags:    
News Summary - In Kangana Ranaut vs Javed Akhtar Case Court Rubbishes Her Claim Of Bias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.