ഭോപാൽ: ശനിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള 195 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടത്. 29 ലോക്സഭ മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ ബി.ജെ.പി പ്രഖ്യാപിച്ച 24 സ്ഥാനാർഥികളിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുണ്ട്. എന്നാൽ ഭോപാലിൽ വിവാദ എം.പി പ്രഗ്യാ സിങ് താക്കൂറിനെ ഒഴിവാക്കി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. പ്രഗ്യ സിങ് അടക്കമുള്ള ആറ് സിറ്റിങ് എം.പിമാർക്കാണ് നിലവിൽ സീറ്റ് നിഷേധിച്ചത്. 13 സിറ്റിങ് എം.പിമാർ മത്സരിക്കുന്നുണ്ട്.
വിദിഷയിൽ മുൻ മുഖ്യമന്ത്രി മോഹൻ യാദവ് മത്സരിക്കും. 29 ലോക്സഭ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്ന് മോഹൻ യാദവ് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജും വിദിഷയെ പ്രതിനിധീകരിച്ചാണ് ലോക്സഭയിലെത്തിയത്. അതിനാൽ ബി.ജെ.പിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. ഗുണയിൽ നിന്നാണ് ജോതിരാദിത്യ മത്സരിക്കുന്നത്.
അതുപോലെ ശിവരാജ് സിങ് ചൗഹാന്റെ നാല് വിശ്വസ്ഥർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. മുൻ മേയർ അലോക് ശർമയെ ഭോപാലിലും സംസ്ഥാന കിസാൻ മോർച്ച നേതാവ് ദർശൻ സിങ് ചൗധരിയെ ഹോഷംഗാബാദിലും മത്സരിക്കും. ചൗഹാന്റെ വിശ്വസ്ഥനായിരുന്ന നഗർ സിങ് ചൗഹാന്റെ ഭാര്യ അനിത നഗർ സിങ് ചൗഹാനെയും മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തൊമാറിനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.പി. സിങ് യാദവ്, രാജ്ബഹാദൂർ സിങ്, ജി.എസ് ദാമോർ, രമാകാന്ത് ഭാർഗവ, മുൻ മന്ത്രി ഭരത് സിങ് കുശ്‍വ എന്നിവരാണ് സീറ്റ് നിഷേധിക്കപ്പെട്ട അഞ്ച് സിറ്റിങ് എം.പിമാർ. കേന്ദ്രമന്ത്രിയും മൂന്നു തവണ എം.പിയുമായ വിരേന്ദ്രകുമാർ അടക്കമുള്ള 13 സിറ്റിങ് എം.പിമാർക്ക് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്. 24 സ്ഥാനാർഥികളിൽ എട്ടുപേർ ഒ.ബി.സി സമുദായത്തിൽ നിന്നാണ്. അഞ്ചു പേർ ബ്രാഹ്മണരും നാലുപേർ വനിതകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.