മധ്യപ്രദേശിൽ പോസ്റ്റൽ ബാലറ്റിൽ കൃത്രിമമെന്ന്; നടപടി വേണമെന്ന് കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിൽ പോസ്റ്റൽ ബാലറ്റ് സ്ട്രോങ് റൂമിൽനിന്ന് പുറത്തെടുത്ത് കൃത്രിമം നടത്താൻ വഴിയൊരുക്കിയതായി കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ജില്ല കലക്ടർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി, ചീഫ് ഇലക്ടറൽ ഓഫിസർക്ക് നിവേദനം നൽകി. ആരോപണം നിഷേധിച്ച ചീഫ് ഇലക്ടറൽ ഓഫിസർ അനുപം രാജൻ, നടപടിക്രമങ്ങളിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ തൃപ്തരാണെന്നും പറഞ്ഞു.

നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ പോസ്റ്റൽ ബാലറ്റ് വേർതിരിക്കാനാണ് സ്ട്രോങ് റൂമിൽനിന്ന് പോസ്റ്റൽ ബാലറ്റ് പുറത്തെടുത്തത്. നടപടിക്രമങ്ങൾ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും അംഗീകൃത ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് അനുപം രാജൻ കൂട്ടിച്ചേർത്തു. എന്നാൽ, സ്ട്രോങ് റൂമിൽനിന്ന് പുറത്തെടുത്ത പോസ്റ്റൽ ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി അവർ ആഗ്രഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ അനുവദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പി ധനോപിയ ആരോപിച്ചു. ഇതിൽ ദുരൂഹതയുണ്ടെന്നും ബലാഗട്ട് കലക്ടർക്കും ഉദ്യോഗസ്ഥർക്കുമെതി​രെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, നടപടിക്രമങ്ങൾ ആരോ വിഡിയോയിൽ പകർത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് ബലാഗട്ട് കലക്ടർ ഗിരീഷ് ചന്ദ്ര മിശ്ര വിശദീകരിച്ചു. ഇതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് നോഡൽ ഓഫിസർ ഹിമ്മത്ത് സിങ്ങിനെ ഡിവിഷനൽ കമീഷണർ സസ്​പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ ആശയക്കുഴപ്പം മാറിയെന്നും പോസ്റ്റൽ ബാലറ്റിന്റെ നടപടിക്രമങ്ങളിൽ തൃപ്തരാണെന്നും കോൺഗ്രസ് സിറ്റി യൂനിറ്റ് പ്രസിഡന്റ് ശഫ്കാത്ത് ഖാൻ പറഞ്ഞു.

Tags:    
News Summary - In Madhya Pradesh, the postal ballot was rigged; Action is needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.