കൊണ്ടോട്ടി: ഖാദി-കൈത്തറി വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി ജലരേഖയായി. അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ സൗജന്യമായി നല്‍കുന്ന യൂനിഫോം തുണിത്തരങ്ങള്‍ ഖാദി-കൈത്തറി ഉൽപന്നങ്ങളാകണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ആഴ്ചയില്‍ ഒരുദിവസമെങ്കിലും ഖാദിവസ്ത്രങ്ങള്‍ ഉപയോഗിക്കണം എന്നായിരുന്നു ഉത്തരവ്. എന്നാലത് പ്രാവര്‍ത്തികമായില്ല. കോട്ടൺ വസ്ത്രങ്ങളാണ് മിക്ക വിദ്യാലയങ്ങളിലും വിതരണം ചെയ്തത്.
എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രാദേശിക താൽപര്യം മുന്‍നിര്‍ത്തി വിവിധ വ്യാപാരകേന്ദ്രങ്ങളില്‍നിന്ന് നിറവ്യത്യാസത്തിലുള്ള യൂനിഫോമുകള്‍ തെരഞ്ഞെടുത്തതോടെ ഖാദി-കൈത്തറി മേഖലയുടെ ഉണര്‍വിന് വിഭാവനം ചെയ്ത പദ്ധതി അവതാളത്തിലായി.
വിദ്യാഭ്യാസ വകുപ്പിനുപുറമെ മറ്റുസര്‍ക്കാര്‍ വകുപ്പുകളിലും ഖാദിയോടുള്ള അനിഷ്ടം തുടരുകയാണ്. ഇക്കാര്യം പരിശോധിക്കാനും പദ്ധതി കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ തലത്തിലെ ഇടപെടലും നാമമാത്രമാണ്.
ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ സംസ്ഥാന വ്യാപകമായി 2.3 ലക്ഷം വിദ്യാർഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോമുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കൈത്തറി സംഘങ്ങളില്‍ യൂനിഫോം നിർമാണം സജീവമാകുകയും ചെയ്തു.
എന്നാല്‍, പദ്ധതി കാര്യക്ഷമമാകാത്തതോടെ നിർമാണ യൂനിറ്റുകള്‍ പഴയ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഉറങ്ങിക്കിടക്കുന്ന ഖാദി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇടതുസര്‍ക്കാറിന്‍റെ കാലത്തും നടപടി വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.