ന്യൂഡൽഹി: ചരക്കുസേവന നികുതി(ജി.എസ്.ടി)ക്ക് മുമ്പ് മൂല്യവർധിത നികുതി (വാറ്റ്) ഉള്ള സമയത്ത് കേരളം അവശ്യസാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് പോലുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളും നികുതി ഈടാക്കിയിരുന്നുവെന്നും നിർമല കുറ്റപ്പെടുത്തി. രാജ്യസഭയിൽ വിലക്കയറ്റ ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അവർ. വിലക്കയറ്റ ചർച്ചക്ക് നിർമല നൽകിയ മറുപടി രാജ്യസഭയിൽ ബഹളത്തിലും തൃണമൂൽ കോൺഗ്രസിന്‍റെ ഇറങ്ങിപ്പോക്കിലും കലാശിച്ചു.
ജി.എസ്.ടിക്ക് മുമ്പ് 'വാറ്റ് ' കാലത്ത് കേരളത്തിൽ പയറുവർഗങ്ങൾക്ക് ഒരു ശതമാനം നികുതി ഉണ്ടായിരുന്നുവെന്ന് നിർമല പറഞ്ഞു. ആട്ടക്കും മൈദക്കും സൂചിക്കും റവക്കും അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം.
ജി.എസ്.ടി സംവിധാനത്തിൽ ഫിറ്റ്മെൻ കമ്മിറ്റി നികുതി ശിപാർശ സമർപ്പിക്കുന്നത് കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ സമിതിക്കാണ്. ഈ സംസ്ഥാനങ്ങളുടെ കൂടി അനുമതിയില്ലാതെ ഒരു നികുതിയും ജി.എസ്.ടി കൗൺസിൽ ഏർപ്പെടുത്തിയിട്ടില്ല എന്ന് നിർമല സി.പി.എമ്മിലെ എളമരം കരീമിനുള്ള മറുപടിയിൽ വ്യക്തമാക്കി.
ചരക്കുസേവന നികുതി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടില്ലെന്നും നിർമല സീതാരാമൻ അവകാശപ്പെട്ടു.
പാചക വാതകത്തിൽ കോൺഗ്രസ് എം.പി രഞ്ജിത് രഞ്ജനും നിർമല സീതാരാമനും തമ്മിൽ സഭയിൽ കൊമ്പുകോർത്തു. ഉജ്ജ്വല ഉപഭോക്താക്കളിൽ 4.49 കോടി വീട്ടമ്മമാർ പാചക വാതക സിലിണ്ടറുകളിൽ രണ്ടാമത് നിറക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്.
ക്രമപ്രശ്നം ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തൃണമൂൽ കോൺഗ്രസ് ഇറങ്ങിപ്പോക്ക് നടത്തിയത്. നിർമല തന്‍റെ മറുപടിയിൽ പശ്ചിമ ബംഗാൾ പാൽക്കട്ടിക്ക് നികുതി ഏർപ്പെടുത്തിയെന്ന് പറഞ്ഞപ്പോഴാണ് ഡെറിക് ഒബ്റേൻ ക്രമപ്രശ്നം ഉന്നയിച്ചത്.
എന്നാൽ, ചെയറിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് ഭുവനേശ്വർ കലിത അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഡെറിക്കിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ ഒന്നടങ്കം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.