മുംബൈ: പട്നക്കും ബംഗളൂരുവിനും ശേഷം മുംബൈയിൽ നടന്ന മൂന്നാം യോഗത്തോടെ ആത്മബന്ധം വളർന്ന് ‘ഇൻഡ്യ’ സഖ്യകക്ഷി നേതാക്കൾ. യോഗശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ സഖ്യകക്ഷി നേതാക്കളുടെ ശരീരഭാഷയും പ്രസംഗങ്ങളും വ്യക്തമാക്കുന്നത് അതാണ്. കേവലം ഏതാനും പാർട്ടികളുടെ സഖ്യമല്ല, രാജ്യത്തെ 140 കോടി ജനങ്ങളുടെ കൂട്ടായ്മയാണ് ‘ഇൻഡ്യ’ എന്നാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ആരും ഒരു പദവിയും ആഗ്രഹിച്ചല്ല, ജനങ്ങൾക്കുവേണ്ടി മാത്രമാണ് ഒന്നിച്ചത്.
അഴിമതിയും അഹങ്കാരവും നിറഞ്ഞ സർക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ‘അദൃശ്യ അഴിമതി’യെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ദേശത്തോട് പ്രിയമുള്ളവരുടെ കൂട്ടായ്മ എന്നാണ് ശിവസേന (യു.ടി.ബി) അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇൻഡ്യക്കു നൽകിയ വിശേഷണം. ജനങ്ങളിൽ ഭയമാണ്. ഭയരഹിത ഭാരതത്തിനുവേണ്ടിയാണ് തങ്ങൾ ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു യോഗങ്ങൾ നേതാക്കൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
മതേതരത്വം, ജനാധിപത്യം എന്നിവ കാത്തുസൂക്ഷിക്കാനാണ് കൂട്ടായ്മയെന്നും ബി.ജെ.പിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. യോഗങ്ങളിൽ സഖ്യകക്ഷി നേതാക്കൾക്കിടയിൽ തർക്കങ്ങളുണ്ടായിട്ടില്ലെന്നും ഒത്തൊരുമയാണ് പ്രകടമായതെന്നും ഓൾ ഇന്ത്യ ഫോർവേഡ് േബ്ലാക്ക് ജനറൽ സെക്രട്ടറി ദേവരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.